പെലെയുടെ ഓർമയിലെ നാലു നിമിഷങ്ങൾ
text_fieldsലോകകപ്പിലേക്ക് ഇനി 131 ദിനങ്ങൾ. ലോകമെങ്ങുമുള്ള കാൽപന്തു പ്രേമികൾ ഖത്തറിലേക്ക് നാളുകൾ എണ്ണി കാത്തിരിപ്പിലാണ്. 22ാമത് ലോകകപ്പിന് പന്തുരുളാനൊരുങ്ങുമ്പോൾ പഴയകാല ലോകകപ്പ് ഓർമകളിലേക്കുള്ള റീവൈൻഡ് ആണ് 'മെമ്മറി കിക്ക്'. ലോകതാരങ്ങൾ മുതൽ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങൾ വരെ ഓർമപുതുക്കുന്ന 'മെമ്മറി കിക്കിൽ' ഖത്തറിലെ വായനക്കാർക്കും ഓർമയിലെ ലോകകപ്പ് നിമിഷങ്ങൾ പങ്കുവെക്കാം...qatar@gulfmadhyamam.net എന്ന ഇ-മെയിൽ വഴിയോ 5528 4913 എന്ന വാട്സ്ആപ് നമ്പറിലോ 'മെമ്മറി കിക്കിലേക്ക്' ലോകകപ്പ് ഓർമ എഴുതി അറിയിക്കാം...
ലോകകപ്പ് ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ ഓർമയിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ മുഖമാവും. നീണ്ടു മെലിഞ്ഞ്, അഞ്ചടി എട്ടിഞ്ച് ഉയരമുള്ള ആ കറുത്ത മനുഷ്യൻ. മൂന്നു തവണ ലോകകപ്പ് കിരീടമുയർത്തിയ ഏക താരം. ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ, ലോകകപ്പിനെ കുറിച്ച് ഏറ്റവും കൂടുതൽ ഓർമകളുള്ള വ്യക്തിയും സാക്ഷാൽ പെലെ അല്ലാതെ മറ്റൊരാളല്ല. ലോകകപ്പ് ഓർമകൾ പങ്കുവെച്ചുകൊണ്ട് ആറു വർഷം മുമ്പ് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ പെലെ ഓർത്തെടുത്തത് നാല് നിമിഷങ്ങളാണ്. അവയിലൂടെയാണ് ഖത്തർ ലോകകപ്പിലേക്കുള്ള 'മെമ്മറി കിക്കിന്' തുടക്കം കുറിക്കുന്നത്.
ഒന്ന്: ഓർമയിലേക്കുള്ള ആദ്യ കിക്ക് ലോകകപ്പിൽ നിന്നല്ല. പക്ഷേ, എന്‍റെ ലോകകപ്പ് യാത്രയുടെ തുടക്കമെന്ന് വിശേഷിപ്പിക്കാം. 1957 ജൂലൈ ഏഴ്. അർജന്‍റീനക്കെതിരായ സൗഹൃദ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച 16കാരനിലാണ് ഫുട്ബാളിലെ എന്‍റെ ആദ്യ ഓർമ. 32ാം മിനിറ്റിൽ ബ്രസീലിനായി എന്‍റെ ആദ്യഗോളും പിറന്നു. മത്സരത്തിൽ ബ്രസീൽ 2-1ന് തോറ്റെങ്കിലും 'ഞാൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സുന്ദരമായ ഓർമയാണ്. എന്‍റെ സ്വപ്നസാക്ഷാത്കാരം'.
രണ്ട്: 1958 സ്വീഡനിലെ ബ്രസീലിന്‍റെ ആദ്യ ലോകകിരീട വിജയമാണ് രണ്ടാമത്. അന്ന് സ്വീഡനിൽ ഞങ്ങളെത്തുമ്പോൾ ബ്രസീലിനെ കുറിച്ച് ആർക്കുമറിയില്ലായിരുന്നു. അർജന്‍റീന, ഉറുഗ്വായ് എന്നിവരായിരുന്നു പ്രധാനികൾ. എന്‍റെ പ്രായം 17.
ലോകകപ്പ് കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞവൻ. എന്നാൽ, ലോകകപ്പ് കഴിഞ്ഞതോടെ ബ്രസീലിനെ എല്ലാവരും അറിഞ്ഞു.
എന്‍റെ രാജ്യത്തിന് ഞാൻ സമ്മാനിച്ചതിൽ െവച്ച് ഏറ്റവും വിലപ്പെട്ടത് ഈ ലോകകിരീടവും രാജ്യാന്തര മേൽവിലാസവുമായിരുന്നുവെന്ന് ഓർക്കുന്നു. ആ ലോകകപ്പിൽ പെലെ ആറ് ഗോളടിച്ചു. ബ്രസീൽ ആദ്യ കിരീടവുമണിഞ്ഞു.
മൂന്ന്: അധികം ആരുമറിയാത്തൊരു ചരിത്രം. ലോകകപ്പ് ജയിച്ച് നാട്ടിലെത്തിയപ്പോഴാണ് സൈന്യത്തിൽ നിർബന്ധിത സേവനത്തിന്‍റെ വിളിയെത്തിയത്.
ഒഴിഞ്ഞുമാറാൻ ആദ്യം വഴി തേടിയെങ്കിലും സൈന്യത്തിന്‍റെ ഭാഗമായി. പരിക്കാണെന്ന് പറഞ്ഞ് പലരും മുങ്ങിെയങ്കിലും ഞാൻ സൈനിക സേവനം തിരഞ്ഞെടുത്തു. ആ വർഷംതന്നെ ആർമി ടീമിനൊപ്പം ചാമ്പ്യൻഷിപ് കളിച്ച് സൗത്ത് അമേരിക്കൻ മിലിട്ടറി കിരീടം ചൂടി രാജ്യത്തിന്‍റെ അഭിമാനം കാത്തു. ഫൈനലിൽ അർജന്‍റീനയെ തോൽപിച്ചായിരുന്നു കിരീടമണിഞ്ഞത്. പെലെയുടെ കരിയറിലെ ആദ്യ റെഡ് കാർഡും ആ ഫൈനലിൽ ലഭിച്ചു.
നാല്: വർഷം 1970, എനിക്ക് 30 വയസ്സ് കടന്നിരുന്നു. സാന്‍റോസിനെ ലീഗ് ജേതാക്കളാക്കി കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു ഞാൻ. പക്ഷേ, ഒരു ഉൾവിളി പോലെ ലോകകപ്പ് കളിക്കാൻതന്നെ തീരുമാനിച്ചു. ഒരു തവണകൂടി ലോകകപ്പ് നേടാനുള്ള മോഹം പറഞ്ഞാണ് അന്ന് ഇറങ്ങിയത്. നാല് ഗോളടിച്ച് െപ്ലയർ ഓഫ് ദി ടൂർണമെന്‍റ് ആയി പെലെ ബ്രസീലിനെ കപ്പിലേക്ക് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.