മരുഭൂമികളിൽ കുതിച്ചെത്താൻ ‘ഫോർ വീൽ ആംബുലൻസ്’
text_fieldsദോഹ: മരുഭൂമികളും കടൽത്തീരങ്ങളും തുടങ്ങി സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിലേക്ക് അതിവേഗത്തിൽ മെഡിക്കൽ സഹായമെത്തിക്കാൻ ‘ഫോർ വീൽ ഡ്രൈവ്’ ആംബുലൻസുകൾ സജ്ജമാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. പാരാമെഡിക്കൽ സേവനങ്ങൾ കൂടുതൽ വേഗത്തിൽ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലും കാമ്പിങ് ഏരിയകളിലുമെല്ലാം എത്തിക്കാൻ ലക്ഷ്യംവെച്ചാണ് പത്ത് ഫോർ വീൽ ഡ്രൈവ് ആംബുലൻസുകൾ പുറത്തിറക്കുന്നത്.
മണൽക്കൂനകളും മൺതിട്ടകളുമായി വെല്ലുവിളി നിറഞ്ഞ മരുഭൂമികളിൽ അനായാസം കുതിച്ചുപായാൻ ഇവക്ക് കഴിയും. നിലവിൽ സാധാരണ ആംബുലൻസുകൾക്ക് സാധിക്കാത്ത സാഹചര്യങ്ങളിൽ പ്രത്യേകിച്ച് ഓഫ്റോഡ്, വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ എത്തിച്ചേരുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫോർവീൽ ആംബുലൻസുകൾ ഉപയോഗിക്കുന്നതെന്ന് എച്ച്.എം.സി ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു.ബീച്ച്, ഓഫ് റോഡ്, ദേശീയ പരിപാടികൾ എന്നിവിടങ്ങളിൽ പുതിയ ആംബുലൻസുകൾ വിന്യസിക്കും. സാധ്യമാകുന്ന രീതിയിൽ ഏറ്റവും മികച്ച പ്രീഹോസ്പിറ്റൽ പരിചരണം നൽകിക്കൊണ്ട് പാരാമെഡിക്കൽ സംഘത്തിന് രോഗികളിലേക്ക് എത്തിച്ചേരാൻ പുതിയ വാഹനങ്ങൾ എളുപ്പവും സുരക്ഷിതത്വവുമൊരുക്കുമെന്നും അലി ദർവീശ് കൂട്ടിച്ചേർത്തു.
ക്യാമ്പിങ് സീസണിന്റെ ഭാഗമായി സീലൈനിലായി ഒരു ഫോർവീൽ ഡ്രൈവ് ആംബുലൻസാണ് എച്ച്.എം.സി പുറത്തിറക്കിയത്. ആംബുലൻസ് സർവിസ് നേരിടുന്ന വെല്ലുവിളികളിലൊന്നായിരുന്നു ഓഫ്-റോഡ് ഏരിയകളിലെത്തുകയെന്നത്. ഇത് മറികടക്കുന്ന ഫോർ-വീൽ ഡ്രൈവ് ആംബുലൻസിനെക്കുറിച്ച് പാരാമെഡിക്കുകളിൽ നിന്ന് മികച്ച ഫീഡ്ബാക്കുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അലി ദർവീശ് വ്യക്തമാക്കി.
നിലവിൽ ഈ ആംബുലൻസുകൾ ഉപയോഗിച്ച് രോഗികളെ സീലൈൻ ക്ലിനിക്കുകളിലേക്കോ സാധാരണ ആംബുലൻസ് ലൊക്കേഷനുകളിലേക്കോ എയർ ആംബുലൻസ് ലാൻഡിങ് സൈറ്റിലേക്കോ ആണ് എത്തിക്കുന്നത്. ഫോർവീൽ ഡ്രൈവ് ആംബുലൻസുകളിൽ ഗുരുതരമായ രോഗികളെ ചികിത്സിക്കുന്നതിന് സൗകര്യമൊരുക്കുന്ന വലിയ ക്യാബിൻ ഉൾപ്പെടുത്തിയെന്ന സവിശേഷതയുണ്ട്. വലിയ ടയറുകളും തിളങ്ങുന്ന ലൈറ്റുകളും രാത്രികളിൽ ഓഫ്-റോഡ് സ്ഥലങ്ങളിൽ എളുപ്പത്തിലെത്താൻ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.