നൊമ്പരപ്പൂവായി മിൻസ; നാലുവയസ്സുകാരി മരിച്ചത് പിറന്നാൾദിനത്തിൽ
text_fieldsദോഹ: നാലാം പിറന്നാളിന്‍റെ സന്തോഷത്തിൽ വീട്ടിൽനിന്ന് സ്കൂളിലേക്കു പോയ കൊച്ചുസുന്ദരിയുടെ ദാരുണാന്ത്യം അറിഞ്ഞ ഞെട്ടലിലായിരുന്നു ഖത്തറിലെ പ്രവാസലോകം. സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്ന രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവർക്കും നാലുവയസ്സുകാരി മിൻസ മറിയം കണ്ണീർവേദനയായി.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച അവൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്റയിലെ വീട്ടിൽനിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്. രണ്ടാം ക്ലാസുകാരിയായ ചേച്ചി മിഖ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ്. മിൻസ സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടനിൽ കെ.ജി ഒന്നിലും. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ച് പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരൻ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിസൈനറായി ജോലി ചെയ്യുന്ന പിതാവ് അഭിലാഷ് സ്കൂളിൽനിന്ന് ഫോൺ വിളിയെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് പുറപ്പെടുന്നത്. മകൾക്ക് സുഖമില്ലെന്നും ഉടൻ ഭാര്യയെയുംകൂട്ടി സ്കൂളിലെത്തണമെന്നായിരുന്നു സന്ദേശം. തിരക്കുപിടിച്ച് അദ്ദേഹം സ്കൂളിലെത്തുമ്പോഴേക്കും കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വൈകാതെ മരണവും സ്ഥിരീകരിച്ചു.
10 വർഷം മുമ്പ് മറ്റൊരു ഇന്ത്യൻസ്കൂളിലും സമാനമായ ദുരന്തത്തിൽ മലയാളി വിദ്യാർഥി മരിച്ചിരുന്നു. തുടർന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽതന്നെ സ്കൂളുകൾതോറും ജീവനക്കാർക്കും മാനേജ്മെന്‍റ് അംഗങ്ങൾക്കുമായി ബോധവത്കരണവും സജീവമായി. ഓരോ അധ്യയനവർഷത്തിലും ബോധവത്കരണം സജീവമാക്കിയെങ്കിലും വലിയ ദുരന്തം ആവർത്തിച്ചതിന്‍റെ ഞെട്ടലിലാണ് എല്ലാവരും.
സ്കൂൾ ബസുകളിൽനിന്ന് കുട്ടികൾ പൂർണമായും പുറത്തിറങ്ങിയെന്ന് ജീവനക്കാർ ഉറപ്പാക്കണമെന്നും ബസിലെ സീറ്റിനടിയിലോ മറ്റോ കുട്ടികൾ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കാറുണ്ട്. ഇതിനിടയിലാണ് തിരുത്താനാവാത്ത ദുരന്തം ഒരു കുടുംബത്തിനും സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കുമെല്ലാം തീരാവേദനയായത്.
കുറ്റക്കാർക്കെതിരെ കർശന നടപടി -വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സ്കൂൾ ബസിൽ ഉറങ്ങിപ്പോയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും. വിദ്യാർഥികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല -മന്ത്രാലയം അറിയിച്ചു.
ബാലികയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.