ഖത്തറിൽ പാരിസിന്റെ ഫ്രഞ്ച് മുത്തം
text_fieldsദോഹ: ഖത്തറിന്റെ മണ്ണിൽനിന്ന് ഫ്രഞ്ച് ഫുട്ബാളിലെ സൂപ്പർ കപ്പ് കിരീടമുയർത്തി പാരിസുകാരുടെ മടക്കം. 974 സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രിയുടെ തണുപ്പിന് പെരുങ്കളിയിലൂടെ ചൂട് പകർന്ന ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടപ്പോരാട്ടത്തിൽ എതിരാളികളായ എ.എസ് മൊണാകോയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു പി.എസ്.ജിയുടെ കിരീടനേട്ടം. കളിയുടെ മുഴുവൻ സമയവും ഗോൾരഹിതമായി പിറന്നപ്പോൾ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിൽ മുന്നേറ്റ താരം ഉസ്മാനെ ഡെബലെ വിജയ ഗോൾ കുറിച്ചു.
കളിയുടെ ആദ്യ മിനിറ്റ് മുതൽ വിങ്ങിലൂടെ ചടുലമായ നീക്കങ്ങളിലൂടെ പന്തിനെ എതിർ ഗോൾമുഖത്തേക്ക് നയിച്ച മൊറോക്കൻ താരം അഷ്റഫ് ഹകിമിയും ബ്രസീലിയൻ സൂപ്പർതാരം മാർക്വിനോസുമായിരുന്നു ആരാധകരെ ത്രസിപ്പിച്ചത്. എണ്ണംപറഞ്ഞ നിവധി മുന്നേറ്റങ്ങൾ ഈ കൂട്ടുകെട്ടിലൂടെ മധ്യവര കടന്ന് കുതിച്ചു. എന്നാൽ, മുന്നേറ്റം നയിച്ച ഉസ്മാനെ ഡെംബലെക്ക് പന്തിനെ പോസ്റ്റിലേക്ക് നയിക്കാനായില്ല.
അതേസമയം, മറുതലക്കൽ മൊണാകോ ശക്തമായ കൗണ്ടർ അറ്റാക്കിലൂടെ എതിർ ഗോൾമുഖത്തേക്ക് പ്രഹരം തീർത്ത് മുന്നേറി. പി.എസ്.ജി ഗോൾ കീപ്പർ ജിയാൻലൂയിജി ഡോണറുമ്മയുടെയും പ്രതിരോധത്തിലെ വില്യം ചാചോ, മാർക്വിനോസ് എന്നിവരുടെ ചെറുത്തുനിൽപിലൂടെയാണ് എതിരാളികളുടെ ഗോൾ ശ്രമങ്ങൾ തടഞ്ഞത്.
രണ്ടാം പകുതിയിൽ തുടർച്ചയായ സബ്സ്റ്റിറ്റ്യൂഷനിലൂടെ കളിയെ മാറ്റിയത് പി.എസ്.ജിക്ക് ഭാഗ്യമായി മാറി. ഇഞ്ചുറി ടൈം പിറന്ന നിമിഷത്തിനു പിന്നാലെ വിജയഗോളും തേടിയെത്തി. വിങ്ങിൽ നിന്ന് ഫാബിയൻ റൂയിസ് നൽകിയ പന്തിനായി മറുതലക്കൽ ഓടിയെത്തിയ ഡെംബലെയും ഗോൺസാേലാ റാമോസും ഓഫ്സൈഡിന്റെ കെണിയും മറികടന്നായിരുന്നു ഗോളിലേക്ക് നീങ്ങിയത്.
റാമോസ് പോസ്റ്റിലേക്ക് തിരിച്ചുവിടാൻ ഡൈവ് ചെയ്തെങ്കിലും പിടികൊടുക്കാതെ വലത് എൻഡിലേക്ക് നീങ്ങിയ പന്തിനെ മനോഹരമായി പിടിച്ചെടുത്ത ഡെംബലെ ഗോളിയൊഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിട്ട് വിജയം കുറിച്ചു. കളിയുടെ മുഴുവൻ സമയവും ഗോൾവീഴാതെ പിടിച്ചുനിന്ന മൊണാകോ ഗോൾകീപ്പർ ഫിലിപ് കോണിനും കരുത്തുറ്റ പ്രതിരോധം തീർത്ത തിലോ ഖേർ, മുഹമ്മദ് സാലിസുവും നിരാശപ്പെട്ട മുഹൂർത്തമായി മാറി അത്.
കളിയുടെ 90ാം മിനറ്റിൽ ഗോൺസാലോ റാമോസിന്റെ ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ട് മൊണാകോ ഗോൾകീപ്പർ ഫിലിപ് കോൺ കൈമെയ്മറന്ന് തടഞ്ഞതിനു പിന്നാലെയായിരുന്നു പി.എസ്.ജിയുടെ ഗോളിന്റെ പിറവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.