ഭിന്നശേഷി സൗഹൃദം: ലോകകപ്പിന്റെ വഴിയേ ഏഷ്യൻ കപ്പും
text_fieldsദോഹ: ലോകകപ്പിന്റെ പാത പിന്തുടർന്ന് ഭിന്നശേഷിക്കാരായ ഫുട്ബാൾ പ്രേമികൾക്ക് ഏഷ്യൻ കപ്പിലും പൂർണ പ്രവേശനക്ഷമത ഉറപ്പാക്കിയിരിക്കുകയാണ് പ്രാദേശിക സംഘാടകർ (എൽ.ഒ.സി). ടൂർണമെന്റിലുടനീളം ഭിന്നശേഷിക്കാരായ ആരാധകർക്ക് തടസ്സങ്ങളില്ലാത്ത അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് നിരവധി സവിശേഷതകളാണ് സംഘാടകർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ടൂർണമെന്റിലെ ഒമ്പത് സ്റ്റേഡിയങ്ങളിലും ഭിന്നശേഷിക്കാർക്ക് അനായാസം എത്തിച്ചേരാവുന്ന പ്രവേശന കവാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗാലറിയിൽ വീൽചെയർ ഉപയോക്താക്കൾക്കും പരിമിതശേഷിയുള്ള ആരാധകർക്കും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദോഹ മെട്രോ, ലുസൈൽ ട്രാം, മെട്രോ സ്റ്റേഷനുകൾക്കും സ്റ്റേഡിയങ്ങൾക്കും ഇടയിലുള്ള ഷട്ടിൽ സർവിസുകൾ എന്നിവയിലെല്ലാം വീൽചെയർ പ്രവേശനം ഉറപ്പുവരുത്തിയിട്ടുണ്ട്. ലുസൈൽ, ഏജുക്കേഷൻ സിറ്റി, അൽ ബെയ്ത്ത് സ്റ്റേഡിയങ്ങളിൽ ഓട്ടിസം ബാധിച്ച ആരാധകരുൾപ്പെടെ സെൻസറി ആക്സസ് ആവശ്യമുള്ള ആരാധകർക്കായി സെൻസറി റൂമുകൾ എന്നിവ സജ്ജമാക്കിട്ടുണ്ട്. അസിസ്റ്റീവ് ടെക്നോളജി ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നതും പരിശീലനം ലഭിച്ച ജീവനക്കാരാൽ നിയന്ത്രിക്കുന്നതുമായ പ്രത്യേക ഭാഗത്ത് തടസ്സമില്ലാതെ മത്സരങ്ങൾ കാണാൻ ആരാധകരെ അനുവദിക്കുന്നുണ്ട്.
അന്ധരും ഭാഗികമായി കാഴ്ചയുള്ളവരുമായ ആരാധകർക്കായി ഓഡിയോ വിവരണ കമന്ററി സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. കാഴ്ചവൈകല്യമുള്ളവർക്ക് അവരുടെ സ്വന്തം മൊബൈൽ ഉപകരണത്തിൽനിന്ന് സേവനം ഉപയോഗിക്കാൻ കഴിയും. മത്സരങ്ങളുടെ വിശദമായ വിവരണം കേൾക്കാൻ കഴിയുന്നതിലൂടെ ഇത് അവരെ സ്റ്റേഡിയങ്ങളിലെ തത്സമയ പ്രവർത്തനത്തിന്റെ ഭാഗമാകാൻ പ്രാപ്തരാക്കും.
ഫുട്ബാൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഏഷ്യൻ കപ്പ് പോലുള്ള ടൂർണമെന്റുകൾ സാമൂഹികമാറ്റം കൊണ്ടുവരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് എൽ.ഒ.സി സുസ്ഥിരത വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ബൊദൂർ അൽ മീർ പറഞ്ഞു. 2022 ലോകകപ്പിലെ ഭിന്നശേഷി സൗഹൃദവും പ്രവേശനക്ഷമതയും പ്രതീക്ഷക്കപ്പുറമായിരുന്നുവെന്നും ഈ പാരമ്പര്യം ഏഷ്യൻ കപ്പിലും തുടരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അൽ മീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.