കതാറ മുതൽ സൂഖ് വരെ; ആഘോഷ നോമ്പ് രാത്രി
text_fieldsദോഹ: രാത്രിയെ സജീവമാക്കി വൈവിധ്യമാർന്ന പരിപാടികളോടെ റമദാനെ വരവേറ്റ് ഖത്തറിലെ പ്രധാന കേന്ദ്രങ്ങൾ. കതാറ കൾചറൽ വില്ലേജ് മുതൽ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫ് വരെയും പഴയ ദോഹ തുറമുഖം, മുശൈരിബ് ഡൗൺടൗൺ, വക്റ സൂഖ് വരെയും നീളുന്നതാണ് റമദാനിന്റെ പാരമ്പര്യം ചോരാതെയുള്ള പരിപാടികൾ.
ആത്മീയ അന്തരീക്ഷവും സാംസ്കാരിക പ്രാധാന്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റമദാൻ പ്രമേയത്തിലുള്ള അലങ്കാരങ്ങളും റാന്തൽ വിളക്കുകളും തോരണങ്ങളും ഇവിടെയെല്ലാം ഉയർന്നു കഴിഞ്ഞു.
റമദാനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന കതാറ തന്നെയാണ് ഈ വർഷവും ആഘോഷങ്ങളുടെ കേന്ദ്രബിന്ദു. നിയോൺ വിളക്കുകളും ദീപാലങ്കൃതമായ ചന്ദ്രക്കലകളും നക്ഷത്രങ്ങളും റാന്തൽവിളക്കുകളുടെ കൂറ്റൻ രൂപങ്ങളും കതാറക്ക് മിഴിവേകുമ്പോൾ പ്രഭാഷണങ്ങൾ, കവിതാലാപാനം, ബീച്ച് വോളിബാൾ, ചെസ് തുടങ്ങി മത, സാംസ്കാരിക, കായിക ടൂർണമെന്റുകളും പരിപാടികളുമുൾപ്പെടെ 25ഓളം പരിപാടികൾക്കാണ് കതാറ സാംസ്കാരിക ഗ്രാമം ഇക്കൊല്ലം വേദിയാകുന്നത്.
അതേസമയം, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഴയ ദോഹ തുറമുഖത്തും റമദാനുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും സമുദ്ര കായിക വിനോദ മത്സരങ്ങളും നടക്കുന്നുണ്ട്. ഗൃഹാതുരത ഉണർത്തുന്ന ഭക്ഷ്യമേളയാണ് തുറമുഖത്തെ മറ്റൊരു പ്രധാന ആകർഷണം.
അറബ് പാചകരീതിയുടെ ആകർഷകമായ നിരയാണ് ഭക്ഷ്യമേളയുടെ സവിശേഷത. റമദാൻ ഡ്രമ്മർമാർ എന്നറയിപ്പെടുന്ന മുസാഹറാത്തികൾ റമദാനിൽ തുറമുഖത്തുടനീളം സഞ്ചരിക്കുന്ന സവിശേഷ കാഴ്ചയും ഇവിടെയുണ്ട്. പ്രഭാതത്തിന് മുമ്പ് പരമ്പരാഗത വാദ്യോപകരണങ്ങളും ഗാനങ്ങളുമായി വിശ്വാസികളെ തുടക്കമായ അത്താഴത്തിന് വിളിച്ചുണർത്തുകയാണ് മുസാഹറാത്തികളുടെ പ്രധാന ചുമതല.റമദാനിലെ അവസാന നാല് ദിവസങ്ങളിലായി സൂഖ് അൽ മിന, വദാഅ് റമദാൻ എന്നീ പരിപാടികളും പഴയ തുറമുഖത്ത് നടക്കും.
അറബി പ്രഭാഷണപരമ്പരയുമായി മുശൈരിബ് ഡൗൺടൗണിലെ അൽ വാദി പള്ളി റമദാനിൽ സജീവമായിട്ടുണ്ട്. ഡൗൺടൗൺ ഏരിയയിലെ അൽ വാദി, അൽ ബറാഹ, മുശൈരിബ് എന്നീ മൂന്ന് പള്ളികളും രാത്രികളിലെ നമസ്കാരങ്ങളും പ്രാർഥനകളുമായി വിശ്വാസികളെ ആകർഷിക്കുന്നുണ്ട്.സൂഖ് വാഖിഫും അൽ വക്റ സൂഖും രാത്രി വൈകിയും സന്ദർശകർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.
രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും ഇഫ്താർ മുതൽ രാത്രി 1 വരെയും സൂഖ് വാഖിഫ് റമദാനിൽ സജീവമാകുമ്പോൾ, അൽ വക്റ സൂഖ് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും ഇഫ്താർ മുതൽ രാത്രി ഒന്നു വരെയും സന്ദർശകരെ സ്വീകരിക്കും.റമദാനിൽ കുട്ടികളുടെ ആഘോഷമായ ഗരങ്കാവോ രാത്രി മുൻവർഷങ്ങളിലേത് പോലെ ഇത്തവണയും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.
കുട്ടികൾ പരമ്പരാഗത ഗാനങ്ങൾ ആലപിച്ച് വീടുകൾ തോറും കയറിയിറങ്ങുകയും മുതിർന്നവരിൽ നിന്ന് പലഹാരങ്ങളും മധുരങ്ങളും സ്വീകരിക്കുന്ന സവിശേഷ പരിപാടിയാണ് ഗരങ്കാവോ.
വിശുദ്ധ മാസത്തിന് ഗൃഹാതുരത്വവും സന്തോഷവും പകരുന്ന, ഏറെ പാരമ്പര്യമുള്ള ഈ പരിപാടിക്ക് ഇത്തവണ കതാറക്കൊപ്പം പഴയ ദോഹ തുറമുഖവും വേദിയാകും. റമദാനിന്റെ 14ാം ദിവസമാണ് ഗരങ്കാവോ നടക്കുക. മധുര പലഹാരങ്ങളും മിഠായികളും പരിപ്പുകളും നിറച്ച ഗരങ്കാവോ ബാഗുകളും ഈ പരിപാടിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.