ആകാശത്തിലും ഇനി ഫുൾറേഞ്ച്
text_fieldsദോഹ: കഴിഞ്ഞ ദിവസം അസാധാരണമായൊരു വാർത്തക്കുറിപ്പ് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ് പുറത്തിറക്കി. ഭൗമോപരിതലവും വിട്ട്, 35,000 അടി ഉയരത്തിൽ പറക്കുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനത്തിൽനിന്നും ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിലൂടെ ഇന്റർനെറ്റ് വൈഫൈ ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള വാർത്തക്കുറിപ്പ്.
ദോഹയിൽനിന്നും ലണ്ടനിലേക്ക് പാഞ്ഞ വിമാനത്തിൽ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീറും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി ഖർജിയും ഒപ്പം ന്യൂയോർക്കിലെ വീട്ടിൽനിന്നും ഇലോൺ മസ്കും തത്സമയം പങ്കുചേർന്നു.
മൂവരും സംസാരിക്കുന്ന വിഡിയോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഖത്തർ എയർവേസ് തങ്ങളുടെ ചരിത്രനേട്ടം പങ്കുവെച്ച വാർത്തക്കുറിപ്പ് ആകാശ ഉയരത്തിൽനിന്നും പുറത്തു വിട്ടത്.
ഈ വർഷം ആദ്യം നടത്തിയ പ്രഖ്യാപനത്തിനു പിറകെയാണ് ഖത്തർ എയർവേസ് വിമാനങ്ങളിൽ വൈഫൈ സേവനം ലഭ്യമാക്കിത്തുടങ്ങിയത്. പ്രത്യേകം തയാറാക്കിയാണ് ബോയിങ് വിമാനങ്ങൾ സ്റ്റാർലിങ്കുമായി ബന്ധിപ്പിച്ച് ആകാശത്തിലും ഇന്റർനെറ്റ് സേവനം നൽകുന്നത്. ബോയിങ് 777 മൂന്ന് വിമാനങ്ങളിലാണ് നിലവിൽ സ്റ്റാർലിങ്ക് വൈഫൈ സേവനമുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് 12 വിമാനങ്ങളിൽ ലഭ്യമാകും.
അടുത്തവർഷം അവസാനത്തോടെ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും ലഭ്യമാകും. എയർബസ് എ350 വിമാനങ്ങൾ അടുത്തവർഷം വേനൽകാലത്തിന് മുമ്പ് വൈഫൈ ശൃംഖലയിലേക്ക് മാറും.
ലോകത്തെ ഏറ്റവും മികച്ച എയർലൈനായി സ്കൈട്രാക്സിന്റെ നിരവധി പുരസ്കാരങ്ങൾ ഇതിനകം സ്വന്തമാക്കിയ ഖത്തർ എയർവേസിനെ വീണ്ടും മികച്ചതാക്കി മാറ്റുന്നതാണ് പുതിയ ചുവടുവെപ്പ്.
സ്റ്റാർലിങ്ക് കണക്ട് ചെയ്ത ആദ്യ ബോയിങ് വൈഡ് ബോഡി വിമാനം, ഖത്തർ എയർവേസിന്റെ ആദ്യ സ്റ്റാർലിങ്ക് യാത്രാവിമാനം, മിന മേഖലയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ലഭ്യമാക്കിയ ആദ്യത്തേയും, ലോകത്തിലെ ഏറ്റവും വലുതുമായ യാത്രാ വിമാനം തുടങ്ങിയ റെക്കോഡുകളും ഒരു ചുവടുവെപ്പിലൂടെ ഖത്തർ എയർവേസ് തങ്ങളുടേതാക്കി മാറ്റി.
ജോലിയും മുടങ്ങില്ല; വിനോദവുമാവാം
പറന്നുയർന്നു കഴിഞ്ഞാൽ, ഇനി റേഞ്ചില്ലെന്നും നെറ്റ്വർക്ക് കട്ടാകുമെന്നുമുള്ള ആധിയൊന്നും ഖത്തർ എയർവേസ് യാത്രക്കാർക്കു വേണ്ടതില്ല. ഭൂമിയിലെന്ന പോലെ, ആകാശത്തിലെ യാത്രയിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതാണ് ഖത്തർ എയർവേസും സ്റ്റാർലിങ്കുമായുള്ള പങ്കാളിത്തം.
35,000 അടിയോളം ഉയരത്തിലുള്ള ദീർഘയാത്രയിലും തടസ്സമില്ലാതെ ജോലി ചെയ്യാനും, കായിക മത്സരങ്ങൾ കാണാനും സിനിമ ആസ്വദിക്കാനും വിഡിയോ ഗെയിം കളിക്കാനുമെല്ലാം സൗകര്യപ്പെടുന്ന അൾട്രാ ഹൈസ്പീഡ് ഇന്റർനെറ്റാണ് ലഭ്യമാക്കുന്നത്. സെക്കൻഡിൽ 500 മെഗാബൈറ്റ് വേഗത്തിൽ വരെയുള്ള അൾട്രാ ഹൈസ്പീഡ് ഇന്റർനെറ്റാണ് ആകാശത്ത് ലഭ്യമാകുന്നത്.
‘സ്റ്റാർലിങ്ക് ബന്ധിത വിമാന സർവിസിലൂടെ വ്യോമയാന വ്യവസായത്തിൽ ഖത്തർ എയർവേസ് മുൻനിരയിൽ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. പുതിയ സേവനം എല്ലാ അധുനിക എയർക്രാഫ്റ്റുകളിലേക്കും അധികം വൈകാതെ വ്യാപിപ്പിക്കും. യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവം കൂടിയാണ് ഇതുവഴി ഞങ്ങൾ സമ്മാനിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.