കുട്ടികൾക്ക് മുഴുസമയ അടിയന്തര ചികിത്സാസേവനം
text_fieldsദോഹ: പി.എച്ച്.സി.സിക്ക് കീഴിലുള്ള ഉംസലാൽ ഹെൽത്ത് സെൻററിലെ അടിയന്തര ചികിത്സ(അർജൻറ് കെയർ) സേവനത്തിൽ പീഡിയാട്രിക് അർജൻറ് കെയർ ക്ലിനിക്ക് പുതുതായി ഉൾപ്പെടുത്തി സേവനം വിപുലീകരിച്ചു. അടിയന്തര ചികിത്സ സേവനങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള പുതിയ ക്ലിനിക് ഈ മാസം 21 മുതൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ നേരത്തേ മുതിർന്ന രോഗികൾക്ക് മാത്രമായുണ്ടായിരുന്ന അടിയന്തര ചികിത്സ സേവനം എല്ലാ ദിവസവും മുഴുസമയമാക്കുകയും 18 വയസ്സ് വരെയുള്ള രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്യും. ജീവഹാനി ഭീഷണിയില്ലാത്ത അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടാനും അതോടൊപ്പം കടുത്ത പനി, ഛർദി, ആസ്ത്മ, തൊലി വിണ്ടുകീറുക, ചുമയും ശ്വാസ തടസ്സവും നേത്ര സംബന്ധമായ രോഗങ്ങൾ എന്നിവക്കും ഇവിടെ ചികിത്സ ലഭ്യമാകും.
നിലവിൽ മുഐദർ, അൽ റുവൈസ് ഹെൽത്ത് സെൻററുകളിൽ മാത്രമാണ് 24 മണിക്കൂറും ലഭ്യമായ പീഡിയാട്രിക് അർജൻറ് കെയർ സേവനമുള്ളത്. വിദഗ്ധരായ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ നഴ്സുമാരുടെയും സേവനവും ഫാർമസി, എക്സ്റേ സേവനവും ഇവിടെയുണ്ട്. വാക്-ഇൻ-സർവിസിൽ വേഗത്തിലും കാര്യക്ഷമവുമായ അസസ്മെൻറ്, പരിശോധന, ചികിത്സ, മാർഗനിർദേശം എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ജനസംഖ്യ വർധിച്ച സാഹചര്യത്തിൽ ഉന്നത നിലവാരത്തിൽ അടിയന്തര ചികിത്സ സേവനത്തിനായുള്ള ആവശ്യം വർധിച്ചിരിക്കുന്നുവെന്നും അതിനാൽ കുട്ടികളെ കൂടി ഉൾപ്പെടുത്തി അർജൻറ് കെയർ സേവനം വിപുലീകരിച്ചിരിക്കുകയാണെന്നും പി.എച്ച്.സി.സി അറിയിച്ചു.
റൗദത് അൽ ഖൈൽ, അൽ റയ്യാൻ, അൽ കഅ്ബാൻ, അൽ ശീഹാനിയ, അൽ റുവൈസ്, മുഐദർ, അബൂബക്ർ അൽ സിദ്ദീഖ്, ഉംസലാൽ ഹെൽത്ത് സെൻററുകളിലാണ് നിലവിൽ അർജൻറ് കെയർ സേവനമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.