അറിവിനോടൊപ്പം വിനോദവും; ഭാവിയുടെ പൂന്തോട്ടവുമായി ഇറ്റാലിയൻ പവിലിയൻ
text_fieldsദോഹ: അറിവും വിനോദവും കളിയും സമ്മാനിക്കുന്ന എക്സ്പോകൾ ഏറെ കാണാറുണ്ടെങ്കിലും ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് ഏറെ സവിശേഷതകളുണ്ട്. ഇവിടെ കൃഷിയും പരിസ്ഥിതിയും പച്ചപ്പുമെല്ലാമാണ് ചർച്ച.
ഓരോ കാഴ്ചയും ഒരുപാട് കഥകൾ പറയുന്ന ദോഹ എക്സ്പോയിൽ വേറിട്ട പാഠങ്ങൾ പകരുന്നതാണ് ഇറ്റാലിയൻ പവിലിയൻ. ശുദ്ധവും സുഖപ്രദവുമായ പാരിസ്ഥിതിക കൃഷിയിലൂടെ ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കാർഷിക മേഖലയിലെ പുത്തൻ സാങ്കേതികവിദ്യകളാണ് ഇറ്റാലിയൻ പവിലിയൻ പരിചയപ്പെടുത്തുന്നത്. ഭാവിയുടെ പൂന്തോട്ടം എന്ന പേരിൽ രണ്ട് ഭാഗമായിട്ടാണ് എക്സ്പോ വേദിയിൽ ഇറ്റലിയുടെ പവിലിയൻ തയാറാക്കിയിരിക്കുന്നത്. ഇറ്റലിയെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതാണ് ആദ്യത്തേത്. ഇവിടെ സ്ഥാപിച്ച കൂറ്റൻ ഡിസ്പ്ലേ സ്ക്രീനിൽ ഇറ്റലിയുടെ ചരിത്രം, പ്രധാന സാംസ്കാരിക മേഖലകൾ, പുരാവസ്തു സ്മാരകങ്ങൾ, കലയും പൈതൃകവും എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. പ്രധാന വ്യവസായങ്ങൾ പ്രത്യേകിച്ചും കാറുകൾ, ഫ്ലോറിങ്, കാർഷിക സാങ്കേതികവിദ്യ, ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും ഇതിലുൾപ്പെടും.
സുരക്ഷിതവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയവും നൂതനവുമായ പരിഹാരങ്ങളാണ് പവിലിയന്റെ രണ്ടാം ഭാഗത്തിൽ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നത്.
യുക്തിപൂർവം ജലം ഉപയോഗിക്കുന്നത് ഉറപ്പാക്കുകയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഏകോപിപ്പിക്കപ്പെട്ടതും സൗകര്യപ്രദവുമായ പരിഹാരങ്ങളും ഇവിടെ അവതരിപ്പിക്കുന്നു.ഹൈഡ്രോപോണിക് ഉൾപ്പെടെയുള്ള ആധുനിക കാർഷിക സാങ്കേതികവിദ്യയെക്കുറിച്ച് സന്ദർശകർക്ക് പഠിക്കാനും അവസരമൊരുക്കുന്നുണ്ട്.
വെള്ളവും സസ്യപോഷകങ്ങളും നിറച്ച അടച്ച ട്യൂബുകളിൽ ചെടികൾ വളർത്താനുപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈഡ്രോപോണിക്സ്. ഉയർന്ന ഉൽപാദനക്ഷമത കൈവരിക്കുന്നതോടൊപ്പം ജലവും സ്ഥലവും ലാഭിക്കാനും ഇത് ഫലപ്രദമായ രീതിയാണ്. കൂടാതെ അക്വാഫാമിങ്ങും മൾട്ടിലെയർ ട്യൂബുകൾ ഉപയോഗിച്ചുള്ള പൈപ്പ് ഫാമിങ്ങിനെ ക്കുറിച്ചും സന്ദർശകർക്ക് പഠിക്കാനുള്ള അവസരമുണ്ടിവിടെ.
പവിലിയനിലെ എല്ലാ പ്ലാന്റുകളിലേക്കും വെള്ളമെത്തിക്കുന്നതിനും ജലത്തിന്റെയും വെള്ളത്തിന്റെയും തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാനും ഓട്ടോമേറ്റഡ് പമ്പിങ് സംവിധാനത്തോടുകൂടി ആയിരം ലിറ്ററിന്റെ നാല് ടാങ്കുകൾ സജ്ജമാക്കിയിട്ടുണ്ട്.
പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന സെൻസറുകളും ഫിൽട്ടറുകളും പവിലിയനിലെ താപനിലയും ഈർപ്പവും വായുശുദ്ധിയും നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.