ജീവന്റെ വിലയുള്ള ഒരു പൊതി ബിരിയാണി
text_fieldsദോഹ: എസ്.എം.എ രോഗത്തിനെതിരെ മരുന്നിനായി കാത്തിരിക്കുന്ന മൽഖ റൂഹിക്കുവേണ്ടി കൈകോർത്ത് ഖത്തറിലെ പ്രവാസി കൂട്ടായ്മകളും സ്ഥാപനങ്ങളും. ചികിത്സക്കാവശ്യമായ 1.16 കോടി റിയാൽ സമാഹരിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി മലയാളി സമൂഹം ഇറങ്ങിത്തിരിച്ചപ്പോൾ ബിരിയാണി ചലഞ്ച് മുതൽ, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഫണ്ട് ഡ്രൈവും സജീവമാകുന്നു. പ്രബല മലയാളി ഫേസ് ബുക്ക് കൂട്ടായ്മയായ ഖത്തർ മലയാളീസ് ഗ്രൂപ്പും, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷനുമാണ് ബിരിയാണി ചലഞ്ചിലൂടെ മൽഖ റൂഹി ചികിത്സക്കായി ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നത്. ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ നേതൃത്വത്തിൽ മേയ് മൂന്നിനുള്ള ബിരിയാണി ചലഞ്ചിലേക്ക് ബുക്കിങ് പുരോഗമിക്കുന്നതായി പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിൽ പറഞ്ഞു. 5000 ബിരിയാണികൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ആവശ്യക്കാർക്ക് എത്തിച്ചു നൽകി 85,000 മുതൽ ഒരു ലക്ഷം റിയാൽ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 3,000ത്തിലേറെ ബിരിയാണി പാക്കുകൾക്ക് ബുക്കിങ് ലഭിച്ചു കഴിഞ്ഞു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിക്കുന്ന കിച്ചണുകളിൽ തയാറാക്കുന്ന ബിരിയാണികൾ ലിമോസിൻ ഡ്രൈവർമാരുടെ സഹകരണത്തോടെ വിതരണം ചെയ്യാനാണ് പദ്ധതി. 20 റിയാലാണ് ഒരു പൊതി ബിരിയാണിയുടെ വില. ചെറിയ വിഹിതം നൽകി ജീവൻരക്ഷാ ദൗത്യത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് 7099 2692, 3020 8095 നമ്പറിൽ ബന്ധപ്പെട്ട് ബുക്ക് ചെയ്യാവുന്നതാണ്.
രണ്ടു ലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള ‘ഖത്തർ മലയാളീസ്’ ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് മേയ് 10നാണ്. 5000 തികഞ്ഞതോടെ ബുക്കിങ് താൽക്കാലികമായി അവസാനിപ്പിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 50,000 റിയാലിന് മുകളിൽ തുക ഇതുവഴി സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, ഖത്തറിലെ സ്ഥാപനങ്ങളും വിവിധ കൂട്ടായ്മകളും ഖത്തർ ചാരിറ്റി ഫണ്ട് ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരു ലക്ഷം റിയാൽ സംഭാവന നൽകി. ഇവർക്കു പുറമെ അലി ഇന്റർനാഷനൽ, നസീം മെഡിക്കൽ സെന്റർ, അൽ സമാൻ എക്സ്ചേഞ്ച് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും പങ്കാളികളായി കഴിഞ്ഞു. ചെറുതും വലുതുമായ തുകകൾ നൽകി നിരവധി കൂട്ടായ്മകളും സ്ഥാപനങ്ങളും മൽഖ റൂഹി ചികിത്സാ സഹായ ശേഖരണത്തിൽ പങ്കുചേരുന്നതായി നേതൃത്വം നൽകുന്ന മുഹമ്മദ് കുഞ്ഞി അറിയിച്ചു. സമൂഹ മാധ്യമ താരങ്ങളെ പങ്കെടുപ്പിച്ച് ഇൻഫ്ലുവൻസേഴ്സ് മീറ്റ് ശനിയാഴ്ച നടക്കും. ഖത്തർ ചാരിറ്റി നേതൃത്വത്തിലും വിവിധ മാർഗങ്ങളിലൂടെ ഫണ്ട് ശേഖരണം സജീവമാക്കുന്നുണ്ട്.
അതേസമയം, ആവശ്യമായ തുകയുടെ 12 ശതമാനം മാത്രമാണ് നിലവിൽ കണ്ടെത്താൻ കഴിഞ്ഞത്. ഖത്തറിലെ മുഴുവൻ മലയാളികളും കുഞ്ഞു മൽഖയുടെ ജീവൻ രക്ഷാ ശ്രമത്തിൽ പങ്കുചേരണമെന്ന് ഐ.സി.ബി.എഫ് സെക്രട്ടറി കൂടിയായ മുഹമ്മദ് കുഞ്ഞി അറിയിച്ചു. അഞ്ചു മാസം പ്രായമുള്ള പാലക്കാട് സ്വദേശിയായ മൽഖ റൂഹിക്ക് ടൈപ്പ് വൺ എസ്.എം.എയാണ് സ്ഥിരീകരിച്ചത്. ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്ന് എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഖത്തർ ചാരിറ്റി ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചത്. ഖത്തർ ചാരിറ്റി ലിങ്കിൽ പ്രവേശിച്ച് നേരിട്ടും, ഓൺലൈൻ ആപ് വഴിയും വിവിധ മാളുകളിലെ ഖത്തർ ചാരിറ്റി കൗണ്ടറുകളിലെത്തി റഫറൻസ് നമ്പർ (206863) നൽകിയും ‘മൽഖ റൂഹി’ ചികിത്സ സഹായത്തിലേക്കുള്ള വിഹിതം നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.