റൂഹി മോൾക്കായി കൈകോർത്ത് സഫാരി ഗ്രൂപ് മാനേജ്മെന്റും ജീവനക്കാരും
text_fieldsദോഹ: എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൽഖ റൂഹിയുടെ ചികിത്സക്കായി കൈകോർത്ത് സഫാരി ഗ്രൂപ് മാനേജ്മെന്റും ജീവനക്കാരും. ഒരു ദിവസത്തെ വേതനം നീക്കിവെച്ചും സി.എസ്.ആർ ഫണ്ടിലൂടെയും സമാഹരിച്ച ഒരു ലക്ഷം റിയാൽ സഫാരി ഗ്രൂപ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ, മറ്റ് സഫാരി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഖത്തർ ചാരിറ്റി കസ്റ്റമർ സർവിസ് ഡയറക്ടർ ഖാലിദ് അൽ യാഫി, സി.എസ്.ആർ ഹെഡ് മർവാൻ എന്നിവർക്ക് കൈമാറി. സഫാരി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി ലക്ഷം ഖത്തർ റിയാലാണ് മേയ് 20ന് സഫാരി മാളിൽ വെച്ച് സഫാരി ഗ്രൂപ് മാനേജ്മെന്റ് ഖത്തർ ചാരിറ്റി അധികൃതർക്ക് കൈമാറിയത്.
മേയ് ഒന്നിന് ‘സഫാരി കെയേഴ്സ്’ എന്നപേരിൽ മൽഖ റൂഹി ചികിത്സ സഹായ കാമ്പയിൻ ആരംഭിച്ചപ്പോൾ തന്നെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഫാരി ജീവനക്കാരെല്ലാം സഹകരിക്കുകയും തങ്ങളുടെ ഒരു ദിവസ വേതനം മാറ്റിവെക്കാൻ തയാറാവുകയും ചെയ്തു. അതോടൊപ്പം സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള വിഹിതവും ചേർത്താണ് സഫാരി ഗ്രൂപ് ഈ തുക നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു വ്യകതിയുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ തന്നെ പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണെന്നും അതിനായി നമ്മളോരോരുത്തരും മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഞങ്ങൾ ഇതിലൂടെ നൽകുന്നതെന്നും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ അഭിപ്രായപ്പെട്ടു. ഇതിനായി സഹകരിച്ച എല്ലാ ജീവനക്കാരും ഞങ്ങളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.