കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
text_fieldsദോഹ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് രാജ്യം പതിവു നിലയിലേക്ക് തിരികെയെത്തുന്നതിെൻറ ഭാഗമായി നിയന്ത്രണങ്ങളിൽ കൂടുതൽ ഇളുവകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. ബുധനാഴ്ച പ്രധനാമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിവിധ മേഖലകളിൽ ഇളവു നൽകാൻ തീരുമാനിച്ചത്. പുതിയ ഇളവുകളും നിർദേശങ്ങളും മാർച്ച് 12 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പ്രധാന തീരുമാനങ്ങൾ
•വാക്സിൻ സ്വീകരിച്ച് പ്രതിരോധശേഷി ആർജിച്ചവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയപ്പോൾ, വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇൻഡോർ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പ്രവേശനത്തിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അടച്ചിട്ട പൊതുഇടങ്ങളിൽ പ്രവേശിക്കുമ്പോൾ വാക്സിൻ സ്വീകരിക്കാത്തവർക്ക് ആന്‍റിജന്‍റ് നെഗറ്റിവ് പരിശോധനാ ഫലം നിർബന്ധമാവും.
ജിംനേഷ്യം ഉൾപ്പെടെയുള്ള ഫിറ്റനസ് പരിശീലന കേന്ദ്രങ്ങൾ, വിവാഹ ചടങ്ങുകൾ, കായിക പരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ഹോട്ടൽ, കഫേ, അമ്യൂസ്മെന്‍റ് പാർക്ക്, വിനോദ കേന്ദ്രങ്ങൾ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്, സിനിമ തിയറ്റർ എന്നിവിടങ്ങളിലെ പ്രവേശനത്തിനാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ആന്‍റിജൻ പരിശോധനാ ഫലം നിർബന്ധമാക്കിയത്. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്കും ഇത് ബാധകമാണ്. ആകെ ശേഷിയുടെ 20 ശതമാനം വരെ വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം നൽകാം.
24 മണിക്കൂറിനുള്ളിലെ ആന്‍റിജൻ പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അതേസമയം, വാക്സിൻ സ്വീകരിച്ച് പ്രതിരോധ ശേഷി ആർജിച്ചവർക്ക് ഇൻഡോർ പരിപാടികളിൽ ഈ നിർദേശങ്ങൾ ബാധകമല്ല.
• ബസും വാനും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പൂർണ ശേഷിയിൽ യാത്രക്കാരെ പ്രവേശിപ്പിച്ച് ശനിയാഴ്ച മുതൽ ഓടാനും അനുവാദമുണ്ട്.
• സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും ഓഫിസുകളിലെത്തി ജോലിചെയ്യാം. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർ പ്രതിവാര ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം.
• അടഞ്ഞ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി തുടരും. നിലവിൽ പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടമില്ലാത്തപ്പോൾ മാസ്ക് അണിയുന്നതിൽ ഇളവുണ്ട്.
• കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് നിർബന്ധമായി തുടരും.
• തുറസ്സായ സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി ഇടപെടുന്ന സ്ഥാപന ജീവനക്കാർ മാസ്ക് നിർബന്ധമായും അണിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.