സാഹസികപ്രിയരെ സ്വാഗതം ചെയ്ത് ഫുവൈരിത് ബീച്ച് റിസോർട്ട്
text_fieldsദോഹ: കൈറ്റ് സർഫർമാരുടെയും കടൽ വിനോദയാത്രികരുടെയും ഇഷ്ടകേന്ദ്രമായ ഫുവൈരിത് കൈറ്റ് ബീച്ച് റിസോർട്ട് സഞ്ചാരികൾക്കായി തുറന്നുനൽകി. ഖത്തർ ടൂറിസത്തിനു കീഴിൽ ലോകകപ്പ് വേളയിൽ സഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയാവും ഖത്തറിന്റെ വടക്കൻ തീരമേഖലയിലെ ഫുവൈരിത് ബീച്ച്. രാജ്യത്തെ ആദ്യ കൈറ്റ് സർഫിങ് ബീച്ചാണിത്. ദോഹയിൽനിന്ന് 94 കിലോമീറ്റർ അകലെ കൈറ്റ് സർഫിങ്ങിനും പരിശീലനത്തിനും സൗകര്യത്തോടെയാണ് റിസോർട്ട് സജ്ജമായത്. വ്യാഴാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫലഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി, ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒയും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബാകിർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെയും ഖത്തറിലെ കായിക വിനോദ പ്രേമികളെയും ഫുവൈരിതിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാ സഞ്ചാരികൾക്കും മുമ്പാകെ ഏറ്റവും മികച്ചൊരു വിനോദ പദ്ധതി തുറന്നു നൽകുന്നതായും അക്ബർ അൽ ബാകിർ പറഞ്ഞു.
കടലാമകളുടെ വളർത്തുകേന്ദ്രവും രാജ്യത്തിന്റെ ജൈവവൈവിധ്യ സമ്പത്തും നിലനിർത്തിയാവും കൈറ്റ് സർഫിങ് ബീച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സാഹസികതകൂടി നിറഞ്ഞ വിനോദത്തിനൊപ്പം പരിസ്ഥിതി സൗഹൃദവും സുന്ദരമായ കടൽതീരവും ഉൾപ്പെടുന്ന മേഖലയാണ് ഫുവൈരിത് ബീച്ച്.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മന്ത്രിയും ഖത്തർ ടൂറിസം ചെയർമാനും അതിഥികളും ചേർന്ന് കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു. ലോകകപ്പ് വേളയിൽ സന്ദർശനത്തിനെത്തുന്ന കാണികൾക്ക് ഇവിടെനിന്ന് വളർച്ചയെത്തിയ കടലാമക്കുഞ്ഞുകളെ തീരത്തേക്ക് തുറന്നുവിടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഖത്തർ തീരങ്ങളിലെ ശാന്തമായ കടൽജല കായിക േപ്രമികൾക്ക് കൈറ്റ് സർഫിങ്, പാഡിൽ-ബോർഡിങ്, പാരാ സെയിലിങ്, വേക്ക് ബോർഡിങ്, കയാക്കിങ്, സ്നോർക്കലിങ്, സ്കൂബ ഡൈവിങ് തുടങ്ങിയവക്ക് അനുകൂലമാണ് കൈറ്റ് സർഫിങ് ബീച്ച്.
ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ് സർഫിങ് മേഖലയായാണ് ഫുവൈരിത് കൈറ്റ് ബീച്ച് അറിയപ്പെടുന്നത്. ഒമ്പത് മാസം നീണ്ടുനിൽക്കുന്ന കാറ്റും പരന്നുകിടക്കുന്ന സമുദ്ര തീരവുമാണ് ഫുവൈരിതിനെ മികച്ച കൈറ്റ് ബീച്ചാക്കി മാറ്റുന്നത്. തീരത്തുനിന്ന് 30 മീറ്റർ അകലെയായി താമസം ഒരുക്കുന്ന റിസോർട്ട്, യോഗ സ്റ്റുഡിയോ, പ്രവർത്തന സജ്ജമായ ജിം, പൂൾ, ഡൈവിങ് എന്നിവക്കു പുറമെ, ഖത്തറിന്റെ തനത് രുചിഭേദങ്ങളും അന്താരാഷ്ട്ര രുചിവൈവിധ്യങ്ങളും ഇവിടെ ലഭ്യമാണ്. സാഹസിക വിനോദങ്ങൾക്കായി ബീച്ചിലെത്തുന്ന തുടക്കക്കാർക്ക് പരിശീലനത്തിനായി വിദഗ്ധരായ കോച്ചുമാരുടെ സാന്നിധ്യവുമുണ്ടാവും.
2023 ജനുവരിയിൽ ജി.കെ.എ വേൾഡ് ടൂർ സീസണിന്‍റെ അവസാനമായി നടക്കുന്ന മത്സരത്തിന് ഫുവൈരിത് വേദിയാവും. ഖത്തർ ടൂറിസമാണ് ഗ്ലോബൽ കൈറ്റ്സ്പോർട്സ് അസോസിയേഷൻ സ്പോൺസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.