ബൈക്കിൽ ഗൾഫ് നാടുകൾ താണ്ടി ഗബ്രിയേൽ
text_fieldsദോഹ: മംഗളൂരുവിൽനിന്നും ഇരുചക്രവാഹനത്തിൽ യാത്ര തുടങ്ങി, ഇന്ത്യൻ നഗരങ്ങൾ പിന്നിട്ട് റോഡു മാർഗം ഖത്തറിലെത്തിയ ഗബ്രിയേൽ ശരത്തിന് ഇന്ത്യൻ എംബസിയിൽ സ്വീകരണം നൽകി. ഗോവ, മുംബൈ വഴി ദുബൈ, ഒമാൻ, സൗദി രാജ്യങ്ങൾ കടന്നാണ് ഇന്ത്യൻ സോളോ ട്രാവലറായ ഗബ്രിയേൽ ഇപ്പോൾ ഖത്തറിലും പര്യടനം പൂർത്തിയാക്കുന്നത്.
സൗദിയിൽനിന്നും ഖത്തറിലെത്തിയ ഇദ്ദേഹം, ഇനി സൗദി വഴി ബഹ്റൈനും ശേഷം കുവൈത്തിലുമെത്തും. തുടർന്ന് ദുബൈയിലെത്തിയാണ് പര്യടനം പൂർത്തിയാക്കുക. ‘കെ.എ’ രജിസ്ട്രേഷനിലുള്ള റോയൽ എൻഫീൽഡിന്റെ പുതുമോടിയിലുള്ള ബൈക്കിലാണ് ഗബ്രിയേൽ ശരത്തിന്റെ ഗൾഫ് ടൂർ പുരോഗമിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തിലായിരുന്നു മംഗളൂരുവിൽനിന്നും ഇദ്ദേഹത്തിന്റെ സോളോ യാത്രയുടെ തുടക്കം. ഓരോ രാജ്യങ്ങളിലും പ്രധാന നഗരങ്ങളിലൂടെ മറ്റും സഞ്ചരിച്ചും, ഇന്ത്യൻ സമൂഹത്തെ കണ്ടുമാണ് ഇദ്ദേഹത്തിന്റെ യാത്രകൾ. ബൈക്കിൽ ഖത്തറിന്റെയും ഇന്ത്യയുടെ ത്രിവർണ പതാകയുമേന്തിയാണ് യാത്ര. ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗബ്രിയേലിന് സ്വീകരണം നൽകി. ഡെപ്യൂട്ടി ചീഫ് ഡി മിഷൻ സന്ദീപ് കുമാർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.