രൂപ കിതച്ചു, റിയാലിന് കുതിപ്പ്; നാട്ടിലേക്ക് പണമയക്കാൻ ബെസ്റ്റ് ടൈം
text_fieldsദോഹ: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ഡോളറിനെതിരെ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ ഇടിവും യു.എസിലെ പ്രതിസന്ധിയും സൃഷ്ടിച്ച അങ്കലാപ്പിൽ ഗൾഫ് കറൻസികൾക്ക് നേട്ടം. ഒരാഴ്ചയായി മികച്ച കുതിപ്പ് നടത്തുന്ന ഖത്തർ റിയാൽ ചൊവ്വാഴ്ച രൂപക്കെതിരെ 22.92 എന്ന നില വരെയെത്തി. ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കുതിപ്പായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പുതിയ മാസത്തിന്റെ തുടക്കമെന്ന നിലയിൽ ശമ്പളം കൈയിലെത്തുന്ന സമയമായതിനാൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനും ഇത് നല്ല കാലമാണ്. ഒരു റിയാലിന് 22.90 മുതൽ 22.94 വരെയാണ് ചൊവ്വാഴ്ച വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്. ഓൺലൈൻ ആപ് വഴിയുള്ള ഇടപാടിനാണ് ഇത്രയും നൽകുന്നത്. അതേമസയം, എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുമ്പോൾ ഇതിൽ മാറ്റമുണ്ടായേക്കാം.
യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ ഓഹരി വിപണി തകർന്നടിഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കെത്തിയതുമാണ് ഗൾഫ് രാജ്യങ്ങളിലെ കറൻസിയിൽ കാര്യമായ നേട്ടമുണ്ടാവാൻ കാരണം. ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ഇടിഞ്ഞു. ഇറാൻ -ഇസ്രായേൽ സംഘർഷം പൊട്ടിപ്പുറപ്പെടുമോയെന്ന ഭീതിയും വിപണിയെ സ്വാധീനിച്ചു.
നിലവിൽ ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84 രൂപക്ക് മുകളിലാണുള്ളത്. യു.എ.ഇ ദിർഹം, കുവൈത്ത് ദീനാർ ഉൾപ്പെടെ മറ്റു ഗൾഫ് കറൻസികളും രൂപക്കെതിരെ റെക്കോഡ് കുതിപ്പാണ് കൈവരിക്കുന്നത്. ഒരു യു.എ.ഇ ദിർഹമിന് 22.77 ഇന്ത്യൻ രൂപയാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രൂപക്കെതിരെ കുവൈത്ത് ദീനാർ 275ന് മുകളിലെത്തി. ഒരു ദീനാറിനാണ് ഇത്രയും രൂപ മൂല്യത്തിലേക്കുയർന്നത്. ഒരു മാസം മുമ്പ് ദീനാറിന് 272 രൂപയായിരുന്നുവെങ്കിൽ ഏതാനും നാളുകൾക്കകമാണ് ഈ മാറ്റമുണ്ടായത്. ഒമാൻ, സൗദി, ബഹ്റൈൻ കറൻസികളുടെ മൂല്യവും ഉയർന്നത് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുന്നത് ലാഭമായി മാറി.
ഇന്ത്യയുടെ ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവിനൊപ്പം രൂപയുടെ മൂല്യവും താഴേക്കിടിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് ആഗോള വിപണിയിലെ ചലനങ്ങളും പ്രതിഫലിപ്പിക്കുന്നത്. അതേസമയം, ഈയാഴ്ചയിലെ തുടർ ദിവസങ്ങളിലും കറൻസി നിരക്കിലെ ചാഞ്ചാട്ടം തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.