ലുസൈലിൽ നാളെയാണ് കളി
text_fieldsദോഹ: ലോകകപ്പ് കിരീട വിജയികളെ കാത്തിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്‍റെ കളിമുറ്റത്ത് വ്യാഴാഴ്ച ആദ്യമായി പന്തുരുളും. ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ആഡംബര സ്റ്റേഡിയത്തിൽ ഖത്തർ സ്റ്റാർസ് ലീഗ് മത്സരത്തിനാണ് ആദ്യമായി വേദിയാവുന്നത്. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബറിലാണെങ്കിലും അറബ്ലോകത്തെ ഏറ്റവും വലിയ കളിമുറ്റത്തെ ആദ്യകളിക്ക് സാക്ഷിയാകാൻ രാജ്യത്തെ ഫുട്ബാൾ പ്രേമികൾ ആവേശത്തോടെ സജ്ജമാവുകയാണ്. സ്റ്റാർസ് ലീഗിലെ ദോഹ ഡെർബി എന്ന് വിശേഷിപ്പിക്കുന്ന പോരാട്ടമായ അൽ അറബിയും അൽ റയ്യാനും തമ്മിലാണ് അങ്കം. വ്യാഴാഴ്ച രാത്രി 7.40ന് മത്സരത്തിന് കിക്കോഫ് കുറിക്കും.
ലോകകപ്പിനായി ഒരുക്കിയ എട്ടിൽ ഏഴ് സ്റ്റേഡിയവും ഇതിനകം ഉദ്ഘാടനം കഴിഞ്ഞ് നിരവധി മത്സരങ്ങൾക്ക് വേദിയായപ്പോൾ, കൊടിയേറ്റത്തിനായി കാത്തിരിക്കുകയാണ് പ്രധാന വേദിയായ ലുസൈൽ.
ഡിസംബർ 18ന് ലോകകപ്പിന്‍റെ കിരീട വിജയികളെ നിർണയിക്കുന്ന സ്റ്റേഡിയം എന്ന പ്രത്യേകതകൂടി 80,000 ഇരിപ്പിട ശേഷിയുള്ള ലുസൈലിനുണ്ട്.
മത്സരത്തിനുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാന്‍റാണുള്ളത്. ഓൺലൈൻവഴി വിറ്റ ടിക്കറ്റുകൾ, ചൊവ്വാഴ്ച മുതൽ കിട്ടാനില്ല. ലീഗിലെ മറ്റു മത്സരങ്ങൾക്കൊന്നുമില്ലാത്ത വിധമാണ് ലുസൈലിലെ ആദ്യ മത്സരത്തിനായി ആരാധകരുടെ ഇടി.
നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കിയതോടെ, കാണികൾ നിറയുന്ന അങ്കം, സ്റ്റേഡിയത്തിന്‍റെ ട്രയൽറൺ ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ലോകകപ്പിനായി ഖത്തർ നിർമിച്ചതിൽ ഏറ്റവും വലിയ സ്റ്റേഡിയം കൂടിയാണ് ലുസൈൽ നഗരത്തിൽ സ്വർണക്കൂടാരംപോലെ ഉയർന്നുനിൽക്കുന്ന ലുസൈൽ സ്റ്റേഡിയം. 80,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിലെ ആദ്യ ലോകകപ്പ് മത്സരം നവംബർ 22ന് അർജന്‍റീനയും സൗദി അറേബ്യയും തമ്മിലാണ്.
സ്റ്റാർസ് ലീഗ് മത്സരത്തിനുശേഷം, സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിൽ ലുസൈൽ കപ്പ് മത്സരവും ഇവിടെ നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം ലോകപ്രശസ്ത ഗായക സംഘത്തിന്‍റെ സംഗീതവിരുന്നുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.