പ്രവാസി യാത്രക്കാരുടെ വിഷയങ്ങൾ ചർച്ച ചെയ്ത് ഗപാഖ് സംഗമം
text_fieldsദോഹ: കോവിഡ് സാഹചര്യം മാറി വിമാന സർവിസുകൾ സാധാരണ ഗതിയിലാകുമ്പോൾ ആശ്വാസകരമായ യാത്രാസൗകര്യം ലഭ്യമാക്കാനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) സുഹൂർ സംഗമം വിലയിരുത്തി.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധിക്കാലത്ത് കൂടുതൽ വിമാന സർവിസുകൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോടുനിന്ന് നിശ്ചിത സമയത്തിലും ഏറെ നേരത്തെ പുറപ്പെട്ടതും അതുപോലെ, ദോഹയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 18 മണിക്കൂറോളം വൈകിയതുമായി ബന്ധപ്പെട്ടും എയർ ഇന്ത്യ എക്സ്പ്രസ് മാനേജറുമായി 'ഗപാഖ്' ചർച്ച നടത്തി രേഖാമൂലം നിവേദനം നൽകിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ്ങിന് അമിത ചാർജ് ഈടാക്കുന്ന പ്രവണതക്കെതിരെ അധികൃതരുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികളുമായി മുന്നോട്ടുപോവുകയുമാണ് സംഘടന.
യാത്രക്കാരുടെ ബാഗേജ് അലവൻസ്, ഡ്യൂട്ടിഫ്രീ കൊണ്ടുപോകാവുന്ന സ്വർണ വില തുടങ്ങിയവയുടെ കാലാനുസൃത വർധനവ്, മൊബൈൽ ഫോൺ കൊണ്ടുപോവുന്നതിന് നിയമാനുസൃത അനുമതി തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിലെത്തിച്ചു. സംഗമത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓർഗസൈനിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി പ്രവർത്തനങ്ങൾ വിശദീകരിച്ചു. എഫ്.സി.സി ഡയറക്ടറും ഗപാഖ് മെംബറുമായ ഹബീബുറഹ്മാൻ കിഴിശ്ശേരി ക്ലാസെടുത്തു. അർളയിൽ അഹമ്മദ് കുട്ടി, അൻവർ ബാബു വടകര, മുസ്തഫ എലത്തൂർ, അമീൻ കൊടിയത്തൂർ, പി.പി. സുബൈർ, കോയ കൊണ്ടോട്ടി, ഗഫൂർ കോഴിക്കോട്, ശാഫി മൂഴിക്കൽ, എ.ആർ. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.