‘ഗരങ്കാവൂ.. ഗിർഗാവൂ..’ പാടി കുട്ടിനോമ്പുകാർ
text_fieldsദോഹ: ഇന്ന് റമദാൻ 14. കുട്ടികളുടെ നോമ്പുത്സവമായ ഗരങ്കാവു ആഘോഷത്തെ വരവേൽക്കുകയാണ് സ്വദേശികളും താമസക്കാരും ഉൾപ്പെടുന്ന അറബ് സമൂഹം. അവർക്കൊപ്പം കുടുംബസമേതം താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും ഗരങ്കാവുവിനെ വരവേൽക്കുന്ന തിരക്കിലാണ്. കുട്ടികൾ നോമ്പെടുത്ത്, രാത്രിയിൽ വർണങ്ങളുള്ള പുത്തനുടുപ്പണിഞ്ഞ് സമ്മാനങ്ങൾ തേടി വീടുവീടാന്തരം കയറിയിറങ്ങുന്ന ‘ഗരങ്കാവൂ’വിനെ വരവേറ്റ് ഒരാഴ്ച മുമ്പേ വിപണിയും സജീവമായിരുന്നു. നോമ്പ് പത്തിലെത്തിയപ്പോൾ തന്നെ രക്ഷിതാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരക്കിലായി. സൂഖുകൾ മുതൽ സൂപ്പർ മാർക്കറ്റുകളും വരെ ഗരങ്കാവൂ സമ്മാനപ്പൊതികളുമായി നേരത്തെ സജ്ജം.
മുൻവർഷത്തെ അപേക്ഷിച്ച് നേരത്തെ തന്നെ ഇത്തവണ വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതായി ദോഹ ഗൾഫ് സിനിമക്കടുത്തുള്ള ഇറാനി സ്വീറ്റ്സിലെ ജീവനക്കാർ പറയുന്നു. റമദാനിൽ ഗരങ്കാവു ആഘോഷത്തിനായി സ്വദേശികളും മറ്റു രാജ്യക്കാരായ അറബികളും വ്യാപകമായി മിഠായികളും സമ്മാനങ്ങളും വാങ്ങാൻ എത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ഇറാനി സ്വീറ്റ്സ്. റമദാന് മുമ്പേ തന്നെ വിശിഷ്ടമായ മിഠായികൾ ഇറക്കുമതി ചെയ്തായിരുന്നു ഗരങ്കാവുവിനായി ഒരുങ്ങിയത്. ആദ്യ ആഴ്ചകളിൽ തന്നെ ആവശ്യക്കാർ എത്തി തുടങ്ങിയതായി ജീവനക്കാർ പറഞ്ഞു. റമദാൻ 14 ഞായറാഴ്ചയാണെങ്കിലും ശനിയാഴ്ച രാത്രിയോടെ തന്നെ ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിൽ കുട്ടി നോമ്പിന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിൽ ശനിയാഴ്ച രാത്രി ന്യൂ സലാത പാർക്കിൽ പൊതുജനങ്ങൾക്കായി പരിപാടി നടത്തി. അൽ റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിൽ ദോഹ എക്സ്പോ ഫാമിലി പാർക്ക്, അൽഖോർ, അൽ സാഹിറ എന്നിവിടങ്ങളിലും പരിപാടികൾ അരങ്ങേറി. ദർബ് അൽ സാഇയിൽ മാർച്ച് 16ന് ആരംഭിച്ച മാർക്കറ്റ് ഞായറാഴ്ച സമാപിക്കും.
വിവിധ പരിപാടികളും ഷോപ്പിങ്ങും ആഘോഷങ്ങളുമായാണ് ദർബ് അൽ സാഇ വേദിയിൽ ഗരങ്കാവു സജീവമായത്. ലുസൈൽ ബൊളെവാഡിൽ ഞായറാഴ്ച രാത്രി എട്ടു മുതൽ 12 വരെയാണ് വിവിധ പരിപാടികൾ അരങ്ങേറുന്നത്. കതാറയിലെ വിസ്ഡം സ്ക്വയറിൽ സമ്മാനങ്ങളുമായി ഞായറാഴ്ച രാത്രി 8.30 മുതൽ ഗരങ്കാവുവിനെ വരവേൽക്കും. വിവിധ മാളുകളിൽ ശനിയാഴ്ച രാത്രി മുതൽ പരിപാടികൾ സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.