ജൂണ്‍ 30 മുതല്‍ സ്റ്റീല്‍ ഗ്യാസ് സിലിണ്ടറുകള്‍ നിറക്കില്ല
text_fieldsദോഹ: ഖത്തര്‍ ഫ്യുവല്‍ കമ്പനിയായ വുഖൂദ്, സ്റ്റീല്‍ ഗ്യാസ് സിലിണ്ടറുകള്‍ പൂർണമായും ഒഴിവാക്കുന്നു. ജൂണ്‍ 30 മുതല്‍ ഇത്തരത്തിലുള്ള സിലിണ്ടറുകൾ നിറച്ചുനല്കില്ലെന്ന് വുഖൂദ് അറിയിച്ചു. ഭാരം കുറഞ്ഞ ശഫാഫ് സിലിണ്ടറുകള്‍ വ്യാപകമാക്കാനാണ് തീരുമാനം. ഇതിെൻറ ഭാഗമായി ഇത്തരം സിലിണ്ടറുകൾ വാങ്ങുന്നവര്‍ക്ക് 120 റിയാല്‍ ഇളവും വുഖൂദ് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 15 മുതല്‍ ആഗസ്റ്റ് 18വരെയാണ് ഇൗ ഇളവ് ലഭ്യമാകുക.
നിലവില്‍ ശഫാഫ് ഗ്യാസ് സിലിണ്ടറുകള്‍ക്ക് 365 റിയാലാണ് വില. മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈവശമുള്ളവ അത് മാറ്റി ശഫാഫ് സിലിണ്ടറുകള്‍ വാങ്ങുകയാണെങ്കില്‍ 245 റിയാലിന് ലഭിക്കും. വുഖൂദ് നേരത്തെയും ഈ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് നൂറു റിയാലായിരുന്നു ഇളവ്. എന്നാല്‍ മെറ്റല്‍ സിലിണ്ടറുകള്‍ ഇനി മുതൽ നിറച്ചുനൽകില്ലെന്ന പ്രഖ്യാപനമുണ്ടായിരുന്നില്ല. പ്രവാസികളും ഖത്തരികളും ഉള്‍പ്പടെയുള്ള ഉപഭോക്താക്കളെ ശഫാഫ് സിലിണ്ടറുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെറ്റല്‍ സിലിണ്ടറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കാനാകുമെന്നും വുഖൂദ് കണക്കുകൂട്ടുന്നു.
ശഫാഫ് സിലിണ്ടറുകൾ സുരക്ഷിതം, എളുപ്പം
ശഫാഫ് സിലിണ്ടറുകൾ ഉപയോഗിക്കാനെളുപ്പവും കൂടുതല്‍ സുരക്ഷിതവുമാണ്.ശഫാഫ് സിലിണ്ടറുകളുമായി ബന്ധപ്പെട്ട് ഗ്യാസ് ചോർച്ചയോ പൊട്ടിത്തെറിയോ ഇതുവരെ ഉണ്ടായിട്ടില്ല. ഭാരം കുറഞ്ഞവ ആയതിനാൽ എപ്പോള്‍ ഗ്യാസ് തീരുമെന്നും എപ്പോള്‍ നിറക്കണമെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായി മനസിലാക്കാനാവും.
2010മുതലാണ് ശഫാഫ് സിലിണ്ടറുകള്‍ വിപണിയിലെത്തിച്ചത്. ആറ് കിലോയുടെയും 12 കിലോയുടെയും ശഫാഫ് സിലിണ്ടറുകളാണ് വുഖൂദ് പുറത്തിറക്കിയിരുന്നത്. കാലിയായ സിലിണ്ടറിന് അഞ്ചുകിലോയാണ് ഭാരം. ഉപയോഗത്തിന് സുഖവും കനം കുറഞ്ഞതുമായ ഈ സിലിണ്ടറുകള്‍ക്ക് ഉപഭോക്താക്കളുടെ ഇടയില്‍ നിന്നും വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മെറ്റല്‍ സിലിണ്ടറുകളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാന്‍ വുഖൂദ് നേരത്തെതന്നെ തീരുമാനമെടുത്തിരുന്നു.
സ്റ്റീൽ സിലിണ്ടറുകൾ മാറ്റിയാൽ 120 റിയാൽ ഇളവ്
ജൂണ്‍ 30നുശേഷം സ്റ്റീൽ സിലിണ്ടറുകൾ നിറക്കുകയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രത്യേക ഓഫറെന്ന നിലയില്‍ ശഫാഫ് സിലിണ്ടറിന് 120 റിയാല്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധമായ വിവരങ്ങള്‍ക്ക് 40217777 എന്ന നമ്പറില്‍ ബന്ധപ്പെടാം. ശഫാഫ് ഗ്യാസ് സിലിണ്ടറുകള്‍ക്ക് 365 റിയാലാണ് വില.
മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈവശമുള്ളവ അത് മാറ്റി ശഫാഫ് സിലിണ്ടറുകള്‍ വാങ്ങുകയാണെങ്കില്‍ 245 റിയാലിന് ലഭിക്കും. ഉപഭോക്താക്കളില്‍നിന്നും മെറ്റല്‍ സിലിണ്ടറുകള്‍ വാങ്ങി പകരം ശഫാഫ് സിലിണ്ടറുകള്‍ നല്കാന് ചില്ലറ വില്‍പ്പന വ്യാപാരികള്‍ തയാറാകണമെന്ന് വുഖൂദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനം പേരും ശഫാഫ് സിലിണ്ടറിലേക്ക് ഇതിനകം മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.