ഗസ്സക്ക് അമീർ അടിയന്തര സഹായം പ്രഖ്യാപിച്ചു
text_fieldsദോഹ: ഫലസ്തീനിലെ ഗസ്സക്ക് വേണ്ടി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അടിയന്തര സഹായം പ്രഖ്യാപിച്ചു. 33 മില്യൻ റിയാലാണ് അമീർ പ്രഖ്യാപിച്ചത്. മരുന്ന്, ആശുപത്രികൾക്ക് വേണ്ട ഗ്യാസ്, ജനറേറ്റർ, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിനായാണ് ഈ സഹായം ഉപയോഗിക്കുക.
☺ഉപരോധം നേരിടുന്ന ഗസ്സ ആവശ്യത്തിന് മരുന്നും ഭക്ഷണ സാധനങ്ങളും ലഭിക്കാത്തതിനാൽ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഗസ്സയെ സഹായിക്കുന്നതിന് വേണ്ടിയുള്ള അഭ്യർത്ഥന വന്ന സാഹചര്യത്തിൽ അമീർ പ്രത്യേക സഹായം പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയെ പുനർ നിർമിക്കുന്നതിെൻറ ഭാഗമായുളള ഖത്തറിെൻറ പ്രത്യേക പദ്ധതി പുരോഗമിക്കുകയാണ്. ഇത് വരെ നാനൂറ് മില്യൻ റിയാലിലധികം ഖത്തർ ഗസ്സയിൽ ചെലവഴിച്ചുകഴിഞ്ഞു. ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ, ഫ്ലാറ്റുകൾ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഖത്തർ ഇവിടെ പൂർത്തിയാക്കിയത്. ആയിരത്തിലധികം ഫ്ലാറ്റുകൾ അടങ്ങിയ കെട്ടിട സമുച്ചയം മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കി താമസക്കാർക്ക് നൽകിയിരുന്നു. ഹമദ് സിറ്റിയെന്ന പേരിൽ പ്രത്യേക ടൗൺഷിപ്പ് തന്നെ ഖത്തർ ഇവിടെ നിർമിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അമീർ ശൈഖ് തമീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫലസ്തീൻ മണ്ണിനെയോ ജനതയെയോ വിസ്മരിക്കാൻ ഖത്തറിനാകില്ലെന്ന് അമീർ മഹ്മൂദ് അബ്ബാസിനോട് പറയുകയുണ്ടായി. ഫലസ്തീൻ വിഷയത്തിൽ വലിയ പിന്തുണയാണ് ഖത്തർ നൽകി വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.