ഗസ്സ: ചർച്ചയുമായി അൽ ജസീറ ഫോറം
text_fieldsദോഹ: തൂഫാൻ അൽ അഖ്സക്ക് ശേഷമുള്ള മിഡിലീസ്റ്റിലെ മാറ്റങ്ങൾ എന്ന തലക്കെട്ടിൽ 15ാമത് അൽ ജസീറ ഫോറം ദോഹയിൽ സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ഫോറത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മാധ്യമ വിദഗ്ധരും ഗവേഷകരും നയതന്ത്ര പ്രതിനിധികളുമാണ് പങ്കെടുത്തത്. പ്രധാന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യുന്ന ഒരു സമഗ്രമായ പരിപാടി എന്ന നിലയിൽ ഫോറത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന സെഷനിൽ അൽ ജസീറ മീഡിയ നെറ്റ്വർക്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഹമദ് ബിൻ താമർ ആൽഥാനി പറഞ്ഞു.
‘തൂഫാൻ അൽ അഖ്സ’യുടെ അനന്തരഫലങ്ങൾ, ഫലസ്തീൻ പ്രശ്നത്തിന്റെ ഭാവി, വർധിച്ചുവരുന്ന പ്രതിരോധവും സ്തംഭനാവസ്ഥയിലായ ചർച്ചകളും സമാധാന ശ്രമങ്ങളിൽ അന്താരാഷ്ട്ര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഇടർച്ചയുമെല്ലാം ഫോറത്തിൽ ചർച്ചയായി.ഗസ്സയിലെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ നിരന്തരമായ മാധ്യമ കവറേജ്, വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവരുടെ ദൃഢനിശ്ചയം എന്നിവയെല്ലാം നമുക്ക് മാതൃകയാണെന്നും ലോകത്ത് വലിയ സ്വാധീനമാണ് അത് ഉണ്ടാക്കുന്നതെന്നും ശൈഖ് ഹമദ് ആൽഥാനി ചൂണ്ടിക്കാട്ടി.
ഷിറീൻ അബൂ അഖ്ല, സമർ അബുദഖ, ഹംസ അൽ ദഹ്ദൂഹ് എന്നിവർ മാധ്യമ പ്രവർത്തനത്തിനിടയിൽ ഗസ്സയിൽ രക്തസാക്ഷികളായവരാണെന്നും, വാഇൽ അൽ ദഹ്ദൂഹ്, ഇസ്മാഈൽ അബൂ ഉമർ തുടങ്ങിയവർ പരിക്കേറ്റവും നിരവധി സ്വന്തക്കാരെ നഷ്ടപ്പെട്ടവരാണെന്നും അദ്ദേഹം സംസാരത്തിനിടയിൽ വ്യക്തമാക്കി. യാഥാർഥ്യം ലോകത്തിന് മുന്നിൽ അറിയിക്കുന്നതിനിടയിൽ അവരെല്ലാം സ്വന്തം ജീവൻ ത്യജിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.