ഗസ്സ വെടിനിർത്തൽ ചർച്ചകൾ രാഷ്ട്രീയ ലാഭത്തിനായി മുതലെടുക്കപ്പെട്ടു -ഖത്തർ പ്രധാനമന്ത്രി
text_fieldsദോഹ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളികളായ കക്ഷികൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി അതിനെ മുതലെടുത്തതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
ചർച്ചയിൽ പങ്കെടുക്കുന്ന കക്ഷികൾ അതിനെ മുതലെടുക്കുന്നതായി നേരത്തെ മനസ്സിലാക്കിയിരുന്നുവെന്നും, ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നതായും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച ദോഹ ഫോറം ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയിൽ നടക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള ഒരു സന്നദ്ധതയും ചർച്ചകളിൽ കണ്ടില്ലെന്നും അക്കാരണത്താലാണ് മധ്യസ്ഥ ചർച്ചകളിൽ ഖത്തർ പിൻവാങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പുതിയ കാലത്തെ സംഘർഷ പരിഹാരം’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിച്ച അദ്ദേഹം, ചർച്ചയിൽ പങ്കെടുക്കുന്ന കക്ഷികൾ കരാറിലെത്താൻ തയാറാകാത്ത സാഹചര്യത്തിൽ നിരപരാധികളായ ആളുകൾക്ക് പ്രതീക്ഷ നൽകുന്നത് പ്രയാസകരമായി അനുഭവപ്പെട്ടതായും ചൂണ്ടിക്കാട്ടി.
മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് നവംബർ ആദ്യത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
മാനുഷിക നിയമത്തിലും അന്താരാഷ്ട്ര കോടതികളിലും ജേതാക്കളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ ഫലസ്തീനിലെയും സിറിയയിലെയും മിഡിലീസ്റ്റിലെയും സംഭവ വികാസങ്ങളിൽ കണ്ണടച്ച് ഇരുട്ടാക്കുകയും ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയും ചെയ്യുകയാണെന്നും ഖത്തർ പ്രധാനമന്ത്രി തുറന്നടിച്ചു.
അതേസമയം, മധ്യസ്ഥ ചർച്ചയിലേക്ക് എല്ലാ കക്ഷികളെയും എത്തിക്കുകയെന്നത് ഖത്തറിന്റെ മുൻഗണനാ വിഷയമാണെന്നും, ഖത്തർ മുന്നോട്ടു വരുന്നില്ലെങ്കിൽ പിന്നെ ബദൽ ആര് എന്നും അദ്ദേഹം ചോദിച്ചു.
എല്ലാവരെയും ഒരു മേശക്ക് ചുറ്റുമിരുത്തി ഇടപഴകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വേദിയാണ് ഖത്തറെന്നും, അവർ ഇടപെടാനും ഇടപഴകാനും തയാറല്ലെങ്കിൽ ഒരു പരിഹാരവും നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ചർച്ചകളിൽ കൂടുതൽ താൽപര്യം കാണിക്കുന്നത് കാര്യങ്ങൾ വീണ്ടും ട്രാക്കിലാക്കാൻ പ്രേരണ നൽകിയെന്നും, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള തൊട്ടടുത്ത ആഴ്ചകളിൽ ചില ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.