ഗസ്സ വെടിനിർത്തൽ ചർച്ച ദോഹയിൽ പുനരാരംഭിക്കും
text_fieldsദോഹ: ഒരു വർഷത്തിലേറെയായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ ചർച്ചകൾ ഉടൻ ദോഹയിൽ പുനരാരംഭിക്കുമെന്ന് മധ്യസ്ഥരായ ഖത്തറും അമേരിക്കയും.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ആന്റണി ബ്ലിങ്കൻ ദോഹയിലെത്തിയത്. മധ്യസ്ഥ ചർച്ചകൾക്കായി വരും ദിവസങ്ങളിൽതന്നെ അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രതിനിധികൾ ദോഹയിലെത്തുമെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, ഏത് ദിവസം ചർച്ച ആരംഭിക്കുമെന്ന് വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച ഇസ്രായേല്‍ പ്രതിനിധികള്‍ ഖത്തറിലെത്തും.
ആഗസ്റ്റിൽ ഖത്തറിലും ഈജിപ്തിലെ കൈറോയിലുമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടത് യഹ്യ സിൻവാറിന്റെ കടുംപിടിത്തം കാരണമാണെന്ന് ബ്ലിങ്കൻ കുറ്റപ്പെടുത്തി.
അദ്ദേഹത്തിന്റെ മരണത്തോടെ പുതിയ സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നു. യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ പിൻവാങ്ങാനും, ഹമാസിനെ അകറ്റി നിര്‍ത്തി ഫലസ്തീന് പുനര്‍നിര്‍മാണവും ഭാവിയും സാധ്യമാക്കുന്ന തരത്തിലാണ് ചർച്ചകൾ നടക്കുകയെന്ന് ബ്ലിങ്കൻ വ്യക്തമാക്കി.
അതേ സമയം ചര്‍ച്ചകളോട് ഹമാസ് എങ്ങനെയാകും പ്രതികരിക്കുകയെന്നതില്‍ വ്യക്തതയില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. സിൻവാറിന്റെ മരണത്തിനു പിന്നാലെ ദോഹയിലെ ഹമാസ് നേതാക്കളുമായി ആശയ വിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഒരു വർഷം പിന്നിട്ട ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിൽ ഇതുവരെയായി 42,800ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം ആരംഭിച്ച ശേഷം വിവിധ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ 11ാമത്തെ സന്ദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.