ഗസ്സ വെടിനിർത്തൽ; ഖത്തറിന്റെ ശ്രമങ്ങളെ പ്രശംസിച്ച് യു.എൻ സെക്രട്ടറി ജനറൽ
text_fields യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഖത്തറിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ സമിതിയുടെ ഏറ്റവും പുതിയ സെഷൻ ഉദ്ഘാടന വേളയിലാണ് യു.എൻ സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിരമായ വെടിനിർത്തൽ കൈവരിക്കേണ്ടതിന്റെ ആവശ്യകത, ബന്ദികളുടെ മോചനം, മാനുഷിക സഹായത്തിന്റെ വേഗത്തിലുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ വിതരണം തുടങ്ങിയ പ്രധാന വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള ദുരിതാശ്വാസ പ്രവർത്തന ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ അവശ്യ പ്രവർത്തനങ്ങളെ പിന്തുണക്കാൻ അംഗരാജ്യങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നിർബന്ധിത കുടിയിറക്കൽ തള്ളിക്കളയുന്ന അന്താരാഷ്ട്ര നിയമം പാലിക്കണമെന്നും, ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് മുന്നോട്ട് വരണമെന്നും ഗുട്ടെറസ് പറഞ്ഞു.
മിഡിലീസ്റ്റിന്റെ സ്ഥിരതക്കുള്ള ഏക സുസ്ഥിര പരിഹാരം സമാധാനത്തിലും സുരക്ഷയിലും ജീവിക്കുന്ന പ്രായോഗികവും പരമാധികാരവുമായ ഫലസ്തീൻ രാഷ്ട്രത്തിന്റെ സംസ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.