ഗസ്സ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം പടരാനുള്ള സാഹചര്യം -ആന്റണി ബ്ലിങ്കൻ
text_fieldsദോഹ: അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ സമാധാന ദൗത്യങ്ങളുമായി പശ്ചിമേഷ്യൻ സന്ദർശനവുമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ അദ്ദേഹം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ സംഘര്‍ഷം മേഖലയിലെ മറ്റിടങ്ങളിലേക്കും പടരുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം.
നിലവിൽ സംഘർഷം പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലേക്ക് പടരാനുള്ള സാഹചര്യമാണെന്ന് ആന്റണി ബ്ലിങ്കൻ പ്രധാനമന്ത്രിക്കൊപ്പം നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ‘മേഖലയിൽ കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് നിലവിലെ സംഘർഷ സാഹചര്യങ്ങൾ. യുദ്ധം പടരാതിരിക്കുന്നതിനുള്ള നടപടികൾക്ക് ആദ്യ ദിവസം മുതൽ മുൻഗണന നൽകിയിരുന്നു. യുദ്ധഭൂമിയിൽനിന്നും ഫലസ്തീനികളെ പുറന്തള്ളാൻ കഴിയില്ല. അത്തരം ശ്രമങ്ങളെ അംഗീകരിക്കില്ല. അവർക്ക് വീടുകളിലേക്ക് തിരിച്ചു പോകാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് സമ്മർദം ശക്തമാക്കും. നിലവിൽ ഗസ്സയിലെ 98 ശതമാനം ജനങ്ങളും ഭക്ഷ്യ, കുടിവെള്ള, മരുന്ന് ക്ഷാമം രൂക്ഷമായി നേരിടുന്നു. ഇതിന് പരിഹാരം നേടാൻ സാധ്യമായതെല്ലാം ചെയ്യും. കൂടുതൽ മാനുഷിക സഹായങ്ങൾ ആവശ്യവുമാണ്’ -വാർത്ത സമ്മേളനത്തിൽ ആന്റണി ബ്ലിങ്കൻ പറഞ്ഞു.
അല്‍ജസീറ മാധ്യമപ്രവര്ത്തകന് വാഇല്‍ അല്‍ ദഹ്ദൂഹിന്റെ കുടുംബത്തിന്റെ നഷ്ടങ്ങളിൽ ബ്ലിങ്കൻ ദുഃഖം പങ്കുവെച്ചു. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ മകൻ കൂടി കൊല്ലപ്പെട്ട വാഇലിന്റെ നഷ്ടങ്ങൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനുത്തരവാദിയെന്ന നിലയിൽ ഇസ്രായേലിനെ പരാമർശിക്കാൻ ബ്ലിങ്കൻ തയാറായില്ല. ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യംവെച്ചുള്ള ഹൂതി ആക്രമണങ്ങള്‍ക്കെതിരെ മുന്നറിയിപ്പു നൽകിയ അദ്ദേഹം, സമുദ്ര സുരക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
മാനവരാശി നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ഗസ്സയിലേതെന്നും സംഘര്‍ഷം വ്യാപിച്ചാലുള്ള പ്രത്യാഘാതം നേരത്തേതന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പറഞ്ഞു. ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച അബൂദബിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.