ഗസ്സ: ആശുപത്രി ആക്രമണം കൂട്ടക്കൊല -ഖത്തർ
text_fieldsദോഹ: ഗസ്സയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാരായ 500ലേറെ പേരുടെ മരണത്തിനിടയാക്കിയ ആക്രമണം കൂട്ടക്കൊലയാണെന്ന് ഖത്തർ വ്യക്തമാക്കി.
നിരപരാധികളായ സിവിലിയൻസിനു നേരെയുള്ള ഏറ്റവും നീചമായ കുറ്റകൃത്യമാണ് ഇസ്രായേലിന്റേത്. എല്ലാ അന്താരാഷ്ട്ര മര്യാദകളും മാനുഷിക നിയമങ്ങളും ലംഘിക്കുന്ന വംശഹത്യയാണ് ആശുപത്രിയിലേക്ക് ബോംബാക്രമണം നടത്തിക്കൊണ്ട് ഇസ്രായേൽ നിർവഹിച്ചത് -ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആശുപത്രികൾ, സ്കൂളുകൾ, അഭയകേന്ദ്രങ്ങൾ, വീടുകൾ തുടങ്ങിയ സാധാരണക്കാർക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണം സംഘർഷം വ്യാപിപ്പിക്കാനും, മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായി മാറും. ഫലസ്തീനികൾക്കെതിരായ നിരന്തര ആക്രമണങ്ങളിലും യുദ്ധക്കുറ്റങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദതയെ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. നിരന്തരമായ ആക്രമണങ്ങളിൽ നിശ്ശബ്ദത പാലിക്കുമ്പോൾ, ചില ഘട്ടങ്ങളിൽ നിലപാടുകളിലെ വിവേചനവും സംഘാർഷാവസ്ഥ വർധിപ്പിക്കാനും, മേഖലയുടെ അസ്ഥിരതയിലേക്കും നയിക്കുന്നതാണ്. ഫലസ്തീൻ സമൂഹത്തെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കുകയും സാധാരണക്കാർക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണം തടയുകയും വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഗസ്സ സിറ്റിയിലെ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ 500ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണിത്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി ആളുകളെ അൽ-അഹ്ലി അറബ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിലേറെയും.
അമീറിനെ ഫോണിൽ വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയെ ഫോണില്‍ വിളിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി.
അപലപിച്ച് മന്ത്രിസഭ
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന ഖത്തർ മന്ത്രി സഭാ യോഗവും ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങളെ അപലപിച്ചു. ആശുപത്രിക്കെതിരായ ആക്രമണവും, സാധാരണ ജനങ്ങളെ കൊലപ്പെടുത്തുന്നതും, ഗസ്സ മുനമ്പിൽ നിന്നും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കുന്നതും മനുഷ്യത്വ വിരുദ്ധവും അപലപനീയവുമാണെന്ന് മന്ത്രിസഭാ യോഗം പ്രസ്താവനയിൽ വ്യക്തമാക്കി. സിവിലിയന്മാർക്ക് അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള പൂർണ സുരക്ഷ ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.