ഗസ്സ: അമീറിനെ ഫോണിൽ വിളിച്ച് ഇറാൻ പ്രസിഡന്റ്
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റൈസിയും ഫോണിൽ ചർച്ച നടത്തി. മേഖലയെ മുൾമുനയിലാക്കുന്ന ഗസ്സ യുദ്ധം വ്യാപിക്കുന്നത് തടയാനും സമാധാന ദൗത്യങ്ങളുടെ മാർഗങ്ങൾ ആരാഞ്ഞുമായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും തമ്മിലെ ആശയവിനിമയം.
ഗസ്സയിൽ മരുന്നും ദുരിതാശ്വാസ സഹായങ്ങളും എത്തിക്കാൻ ആവശ്യമായ മാനുഷിക ഇടനാഴി എത്രയും വേഗം തുറക്കേണ്ടതിന്റെ ആവശ്യകത അമീർ ഫോൺ സംഭാഷണത്തിൽ ആവർത്തിച്ചു. അതിനിടെ, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി വിവിധ അറബ് രാഷ്ട്ര നേതാക്കൾ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായി ചർച്ച നടത്തി. സാധാരണക്കാർക്കെതിരായ ആക്രമണം അവസാനിപ്പിക്കുക, മാനുഷിക ഇടനാഴി തുറക്കുക, ഗസ്സയിൽ നിന്നുള്ള നിർബന്ധിത കുടിയൊഴിപ്പിക്കൽ ശ്രമം തടയുക, ഫലസ്തീനികൾക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ പ്രധാനമന്ത്രി യു.എൻ സെക്രട്ടറിയെ അറിയിച്ചു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി എന്നിവരെ ഫോണിൽ വിളിച്ചാണ് ഫലസ്തീൻ സ്ഥിതിഗതികൾ വിലയിരുത്തിയത്. മേഖലയിലെ സംഘർഷത്തിൽ ഖത്തറിന്റെ നിലപാടും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടലും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.