ഗസ്സ മധ്യസ്ഥം; ഫ്രഞ്ച് പ്രസിഡന്റ് അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറിയതിനുപിന്നാലെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ദോഹയിലെത്തി അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ദുബൈയിൽ നടന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്കു പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡൻറും സംഘവും ദോഹയിലെത്തിയത്.
ഏഴു ദിവസത്തെ വെടിനിർത്തലിനു പിന്നാലെ, ഇസ്രായേൽ വെള്ളിയാഴ്ച മുതൽ ഗസ്സയിൽ ആക്രമണം വീണ്ടും ശക്തമാക്കിയെങ്കിലും, വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനും എല്ലാ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് സാധ്യമായ നയതന്ത്ര നീക്കങ്ങൾ തുടരുമെന്ന് അമീർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമീർ കൂടിക്കാഴ്ചയിൽ പറഞ്ഞു.
യു.എൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെ ഫലസ്തീൻ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമൊരുക്കണമെന്നും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസിസ് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ ഉൾപ്പെടെ ഉന്നത സംഘവും പ്രസിഡൻറ് മാക്രോണിനൊപ്പമുണ്ടായിരുന്നു. സമ്പൂർണ വെടിനിർത്തലും ബന്ദിമോചനവും സാധ്യമാക്കാൻ ഇരട്ടി പരിശ്രമം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ മാക്രോൺ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.