ഗസ്സ: യു.എൻ സെക്രട്ടറിയുമായി സംസാരിച്ച് പ്രധാനമന്ത്രി
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഫോണിൽ ചർച്ച നടത്തി. വ്യാഴാഴ്ച രാത്രിയിൽ യു.എൻ സെക്രട്ടറി പ്രധാനമന്ത്രിയെ ടെലിഫോൺ വിളിച്ചായിരുന്നു ഗസ്സയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾക്കെതിരെ തുടരുന്ന ആക്രമണത്തിൽ ആശങ്ക അറിയിക്കുകയും ചെയ്തത്.
ഇസ്രായേൽ ആക്രമണത്തിലെ ഖത്തറിന്റെ ആശങ്ക പ്രധാനമന്ത്രി യു.എൻ തലവനെ അറിയിച്ചു. നിരപരാധികളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തെയും ആശുപത്രികൾ, സ്കൂൾ, അഭയാർഥി ക്യാമ്പുകൾ എന്നിവിടങ്ങളിലെ ബോംബിങ്ങിനെയും ശക്തമായ അപലപിക്കുന്നതായും ഇസ്രായേലിന്റെ കൂട്ട ശിക്ഷരീതി സ്വീകാര്യമല്ലെന്നും അദ്ദേഹം ശക്തമായ ഭാഷയിൽ അറിയിച്ചു. തുടർച്ചയായ വ്യോമാക്രമണത്തെയും ഫലസ്തീനികളെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം വിമർശിച്ചു.
ബോംബാക്രമണത്തിൽ കുടുങ്ങിയ ഫലസ്തീനിലേക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും ലഭ്യമാക്കാൻ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും അടിയന്തരമായി ഇടപെടണമെന്നും യു.എൻ സെക്രട്ടറി ജനറലിനെ പ്രധാനമന്ത്രി ധരിപ്പിച്ചു. വെള്ളിയാഴ്ച ദോഹയിലെത്തിയ കിഴക്കൻ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അമേരിക്കൻ അസി. സെക്രട്ടറി ബാർബറ ലീഫുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഗസ്സയിലെ സമാധാന ദൗത്യവും വെടിനിർത്തലും ഇസ്രായേലിന്റെ ദയാരഹിതമായ ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
ഇസ്രായേൽ ആക്രമണം മേഖലയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും സമാധാനം സ്ഥാപിക്കാനുമെല്ലാമുള്ള ദൗത്യങ്ങളുടെ ഭാഗമായാണ് ബാർബറ ലീഫിന്റെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം. യു.എ.ഇ, ഒമാൻ, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളിലും ഇവരെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.