ഗസ്സ: 35 ലക്ഷം ഡോളർ അനുവദിച്ച് ഖത്തർ റെഡ്ക്രസന്റ്
text_fieldsദോഹ: രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലേക്ക് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാക്കി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി. ഒന്നാം ഘട്ടമെന്ന നിലയിൽ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി രണ്ടര ലക്ഷത്തിലധികം അഭയാർഥികൾക്ക് സഹായമെത്തിക്കാനായി ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് 35 ലക്ഷം ഡോളർ വരെ വകയിരുത്തി.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ തുടർച്ചയായി സഹായ വിമാനങ്ങൾ അയച്ചതോടെ ദോഹയിലെ ആസ്ഥാനവും ഗസ്സയിലെ കാര്യാലയവും വഴി ഫലസ്തീൻ ജനതക്ക് പിന്തുണ നൽകാനും അടിയന്തര മാനുഷിക സഹായമെത്തിക്കാനുമുള്ള ശ്രമങ്ങൾ റെഡ്ക്രസന്റ് ഊർജിതമാക്കിയിരുന്നു.
ഈജിപ്ത് റെഡ്ക്രസന്റും ഫലസ്തീൻ റെഡ്ക്രസന്റുമായി സഹകരിച്ച് അൽ അരീഷ് വിമാനത്താവളത്തിൽനിന്ന് ഗസ്സയിലേക്ക് സഹായ ട്രക്കുകൾ പ്രവേശിക്കുന്ന റഫ അതിർത്തി ക്രോസിങ്ങിൽ സഹായങ്ങൾ സ്വീകരിക്കാനും മറ്റും അൽ അരീഷിലും കൈറോയിലുമായി രണ്ടു പ്രതിനിധി സംഘങ്ങളാണ് ക്യു.ആർ.സി.എസിന് കീഴിൽ പ്രവർത്തിക്കുന്നത്.
ഖത്തർ ഡെവലപ്മെന്റ് ഫണ്ട്, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി, ഖത്തർ ചാരിറ്റി എന്നിവ നൽകുന്ന ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളുമുൾപ്പെടെ ഗസ്സയിലെ ജനങ്ങൾക്ക് ആകെ 116 ടൺ മാനുഷിക സഹായ സാമഗ്രികളുമായി മൂന്നു ദുരിതാശ്വാസ വിമാനങ്ങൾ കൂടി അൽ അരീഷിലേക്ക് അയച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ ഈയിടെ അൽ അരീഷിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ ഖത്തർ റെഡ്ക്രസന്റ് ദുരിതാശ്വാസ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗസ്സക്കെതിരായ ആക്രമണത്തിന്റെ തുടക്കം മുതൽ ഖത്തർ റെഡ്ക്രസന്റ് ഒന്നിലധികം മേഖലകളിലായി ഖത്തർ ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ പത്തോളം പദ്ധതികളാണ് നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.