ഗസ്സയിലെ മക്കളെ ചേർത്തുപിടിച്ച്
text_fieldsദോഹ: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലും ബോംബിങ്ങിലുമായി ജീവനറ്റ 6000ത്തിലേറെ വരുന്ന കുരുന്നുകളുടെ നിഷ്കളങ്കമായ മുഖങ്ങളായിരുന്നു ആ അന്തരീക്ഷം നിറയെ. രക്തംകൊണ്ട് ചുവന്ന വെള്ളത്തുണിയുടെ അകത്തായി, തണുത്തുറഞ്ഞ കുഞ്ഞുടലുകൾ ഓരോ മനസ്സിനെയും കുത്തിനോവിക്കുമ്പോൾ പ്രാർഥനയും പിന്തുണയുമായി ദോഹയിൽ അവർ ഒത്തുചേർന്നു.
ഗസ്സയിലെ കുട്ടികൾക്ക് ഐക്യദാർഢ്യവുമായി എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ ‘ചിൽഡ്രൻ എബൗ ഓൾ’ എന്ന പേരിൽ ഖത്തർ ഫൗണ്ടേഷൻ എജുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്കിൽ നടത്തിയ സംഗമമായിരുന്നു വേദി.
യുദ്ധഭൂമിയിൽ മരിച്ചുവീണ കുരുന്നുകളുടെ കരളലിയിക്കുന്ന വേദനകളുമായി സ്വദേശികളും താമസക്കാരും ഉൾപ്പെടെ രക്ഷിതാക്കളും കുട്ടികളും കുടുംബമായി ഒഴുകിയെത്തി.‘ഫ്രം ദി റിവർ ടു ദി സീ, ഫലസ്തീൻ വിൽ ബി ഫ്രീ’ എന്നുറക്കെ വിളിച്ചുപറഞ്ഞ് കറുപ്പും വെള്ളയും പച്ചയും ചുവപ്പും നിറത്തിലെ ദേശീയപതാകയും, ഫലസ്തീൻ ചെറുത്തുനിൽപ് പോരാട്ടത്തിന്റെ പ്രതീകമായ കഫിയ്യ തലപ്പാവും പ്ലക്കാർഡുകളുമായി നൂറുകണക്കിനുപേർ പങ്കുചേർന്നു.
ബോബിങ്ങിൽ തകർന്ന വിദ്യാലയങ്ങളുടെയും മരിച്ചുവീണ കുട്ടികളുടെയും ഓർമയിൽ ബെഞ്ചും ഡെസ്കും അണിനിരത്തി പുസ്തകങ്ങളും പൂക്കളും വിരിച്ച് അവർ അകലെയുള്ള സഹപാഠികളെ സ്മരിച്ചു.
തത്സമയ പെയിന്റിങ്ങും കാലിഗ്രഫിയും കാരിക്കേച്ചർ രചനകളുമായും ഫലസ്തീന് ഐക്യദാർഢ്യമർപ്പിച്ചു. ഇതോടൊപ്പം വിവിധ കായിക മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഗസ്സയിൽ മരിച്ച നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും ഓർമയിൽ നടത്തിയ പീസ് മാർച്ചിൽ നൂറുകണക്കിനു പേർ പങ്കാളികളായി.
ഫലസ്തീനിലെ അധിനിവേശത്തിന്റെ ചരിത്രവും, ആ നാട് നേരിടുന്ന വെല്ലുവിളികളും മുതൽ പുതിയ സംഭവങ്ങളിൽ വരെ ഭാവിതലമുറക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദോഹയിലെ വലിയ ഒത്തുചേരൽ. സംഗമ വേദിയിലൊരുക്കിയ വലിയ വെള്ളച്ചുമർ തങ്ങളുടെ വികാരങ്ങൾ രേഖപ്പെടുത്താനുള്ള ഇടമായി മാറി.
ഫലസ്തീനോടുള്ള സ്നേഹവും പ്രാർഥനയും പിന്തുണയുമെല്ലാം കൂഞ്ഞുവിരലുകൾകൊണ്ട് അവിടെ എഴുത്തുകളും ഒപ്പുകളുമായി കുറിച്ചു. ‘ഗസ്സാ ഗസ്സാ.. നീ കരയരുത്. നിന്നെ മരിക്കാൻ അനുവദിക്കില്ല..’ -കറുത്ത മഷിയിൽ കുറിച്ച വാക്കുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു. കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഈയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.