ഗസ്സ; യു.എൻ രക്ഷാസമിതിയിലെ പരാജയം ഖേദകരം -അന്റോണിയോ ഗുട്ടെറസ്
text_fieldsദോഹ: ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനോ യുദ്ധം അവസാനിപ്പിക്കാനോ കഴിയാത്ത ഐക്യരാഷ്ട്ര സഭയുടെ നിസ്സഹായാവസ്ഥയിൽ ഖേദപ്രകടനവുമായി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യു.എൻ രക്ഷാസമിതിയുടെ വിശ്വാസ്യതയെയും അധികാരത്തെയും യുദ്ധം ദുർബലപ്പെടുത്തിയെന്നും ഖത്തറിൽ നടക്കുന്ന 21ാമത് ദോഹ ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സെക്രട്ടറി ജനറൽ പറഞ്ഞു.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ പരാമർശം. അതേസമയം, ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും ആവശ്യം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
‘‘ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിനു പിന്നാലെ ഗസ്സയിൽ മാനുഷിക ദുരന്തം ഒഴിവാക്കുന്നതിന് വെടിനിർത്തൽ പ്രഖ്യാപിക്കാൻ ബന്ധപ്പെട്ട കക്ഷികളിൽ സമ്മർദം ചെലുത്തുന്നതിന് സുരക്ഷ കൗൺസിലിനോട് അഭ്യർഥിച്ചു. എന്നാൽ, ഖേദകരമെന്നു പറയട്ടെ, സുരക്ഷ കൗൺസിൽ ഈ വിഷയത്തിൽ പരാജയമായി. എങ്കിലും ഞാൻ പിന്മാറുന്നില്ല. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാകുന്നത് വരെ എന്റെ ശ്രമം തുടരുമെന്ന് ഉറപ്പു നൽകുന്നു’’ -ഗുട്ടെറസ് പറഞ്ഞു.
മാനുഷിക വ്യവസ്ഥ തന്നെ അപകടകരമാംവിധം തകരുന്ന സാഹചര്യത്തെയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് ഗസ്സയിലെ ലോകത്തിന്റെ നിലപാടിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
രക്ഷാസമിതിയിലെ ഭിന്നത യു.എന്നിനെ തളർത്തിയെന്നും രണ്ടുമാസത്തിലേറെയായി തുടരുന്ന യുദ്ധം ഫലസ്തീനികളുടെ ജീവിതത്തെ എല്ലാ അർഥത്തിലും ദുരിതപൂർണമാക്കിയതായും അതോടൊപ്പം മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളിയായിത്തീർന്നതായും അദ്ദേഹം പറഞ്ഞു.
വെടിനിർത്തലിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യു.എൻ ചാർട്ടറിലെ വകുപ്പ് 99ലെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സെക്രട്ടറി ജനറൽ രക്ഷാസമിതി യോഗം വിളിച്ചത്.
എന്നാൽ, ഗസ്സയിൽ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തതോടെ നീക്കം വീണ്ടും പരാജയമായി. ഗൾഫ്, അറബ് രാജ്യങ്ങളുടെയും വിവിധ ലോകരാജ്യങ്ങളുടെയും വിമർശനത്തിനിടയാക്കിയ നടപടിക്കു പിന്നാലെയാണ്, ഐക്യരാഷ്ട്ര സഭ തലവൻ നിലപാട് ആവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.