ഗസ്സ: യുദ്ധം ഉപാധികളില്ലാതെ അവസാനിപ്പിക്കണം -പ്രധാനമന്ത്രി
text_fieldsദോഹ: നാലു മാസം പിന്നിട്ട ഇസ്രായേലിന്റെ ഗസ്സയിലെ അധിനിവേശവും ആക്രമണങ്ങളും ഉപാധികളേതുമില്ലാതെ അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി.
ജർമനിയിലെ മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര സെക്യൂരിറ്റി സമ്മേളനത്തിൽ ‘മിഡിൽഈസ്റ്റിലെ സ്ഥിരതയും സമാധാനവും’ വിഷയത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ദൗത്യങ്ങൾക്ക് ചുക്കാൻപിടിക്കുന്ന രാഷ്ട്ര പ്രതിനിധിയെന്ന നിലയിൽ ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ സാധ്യമാക്കുന്നതിനുമായി നടന്ന ചർച്ചകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പ്രതീക്ഷ നൽകുന്ന പുരോഗതികളുണ്ടായെങ്കിലും ഏറ്റവും ഒടുവിലെ ദിവസങ്ങളിൽ ശുഭകരമായില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു ഭാഗത്തും കരാറിലെത്താൻ ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സ്ഥിതി പ്രതീക്ഷ നൽകുന്നതല്ല. പക്ഷേ, നേരത്തെ പോലെ തന്നെ ഞങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണ്. ശ്രമവുമായി മുന്നോട്ടു പോകും’ -ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് കടക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഗസ്സയിലെ മാനുഷിക സാഹചര്യങ്ങളും ഇസ്രായേലി തടവുകാരെ വിട്ടയക്കുന്നതിന് പകരമായി മോചിപ്പിക്കുന്ന ഫലസ്തീനികളുടെ എണ്ണവും ചർച്ചയിലെ നിർണായക വശങ്ങളാണെന്ന് സൂചിപ്പിച്ചു.
ചർച്ചയിലെ മാനുഷിക വശം സംബന്ധിച്ചുള്ള തടസ്സങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അതേസമയം, ഉപാധികളില്ലാതെ യുദ്ധം അവസാനിപ്പിക്കണമെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതോടെ ബന്ദികളുടെ മോചനം ഉൾപ്പെടെ സാധ്യമാകും. നിലവിൽ ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി മാറുകയാണ്. പ്രത്യേകിച്ച് റഫയിലെ പുതിയ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇരട്ട നിലപാട് സ്വീകരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെയും പ്രധാനമന്ത്രി വിമർശിച്ചു.
യുക്രെയ്നിലെ വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടല്ല, ഗസ്സയിൽ ഫലസ്തീനികൾ കൊല്ലപ്പെടുമ്പോഴും പുറന്തള്ളപ്പെടുമ്പോഴും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴും ഇവരിൽനിന്ന് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഫലസ്തീനികൾക്കും പങ്കുള്ള സുരക്ഷിതവും സമാധാന പൂർണവുമായ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു. സമ്മേളനത്തിനായി മ്യൂണിക്കിലെത്തിയ പ്രധാനമന്ത്രി വിവിധ ലോകനേതാക്കൾ, വിദേശകാര്യ മന്ത്രിമാർ എന്നിവരുമായും ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.