ഗസ്സ; പട്ടിണി ആയുധമാക്കുന്നതിനെ ശക്തമായി നേരിടണം -ഖത്തർ
text_fieldsയു.എൻ അണ്ടർ സെക്രട്ടറി ജനറൽ സിഗ്രിഡ് കാഗുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗസ്സക്കെതിരെ പട്ടിണിയെ ആയുധമാക്കുന്ന ഇസ്രായേൽ നടപടിയെ അന്താരാഷ്ട്ര സമൂഹം ശക്തമായി നേരിടണമെന്ന് ആവശ്യപ്പെട്ട് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ഖത്തർ സന്ദർശിക്കുന്ന ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറലും മിഡിലീസ്റ്റ് കോഓഡിനേറ്ററുമായ സിഗ്രിഡ് കാഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്സ പുനർനിർമാണത്തിന്റെയും മാനുഷിക കാര്യങ്ങളുടെയും പ്രത്യേക ഏകോപന ചുമതല വഹിക്കുന്ന സിഗ്രിഡ് കാഗുമായുള്ള കൂടിക്കാഴ്ചയിൽ ഗസ്സയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. വെടിനിർത്തലിന്റെ ഒന്നാം ഘട്ടം പിന്നിട്ട ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളും, ജനങ്ങളുടെ ദുരിത ജീവിതവും വിശദീകരിച്ചു. തടസ്സങ്ങളൊന്നുമില്ലാതെ മേഖലയിലേക്ക് മാനുഷിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും സഹായ ലഭ്യതക്ക് സ്ഥിരത നിലനിർത്തുന്നതിനെ കുറിച്ചും ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മാനുഷിക സഹായങ്ങൾ തടസ്സപ്പെടുത്തി പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ അധിനിവേശ സേനയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടിണിയെ ആയുധമാക്കുന്ന ഇസ്രായേൽ നടപടിക്കെതിരെ യു.എൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി അവസാനിച്ചതിനു പിന്നാലെയാണ് ഗസ്സക്കുമേൽ ഇസ്രായേൽ ഉപരോധം ആരംഭിച്ചത്. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, മരുന്ന് എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഉപരോധം ഗസ്സയിലെ മുഴുവൻ ജനതയെയും പ്രതികൂലമായി ബാധിക്കുന്നതായി വിവിധ യു.എൻ ഏജൻസികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.