ജി.സി.സി ഗെയിംസ്: അവസാന ദിനം ഖത്തറിന് രണ്ട് സ്വർണം
text_fieldsദോഹ: അവസാന ദിനത്തിൽ രണ്ട് സ്വർണവും ഒരു വെള്ളിയും പോക്കറ്റിലാക്കി കുവൈത്തിൽ നടന്ന ജി.സി.സി ഗെയിംസിൽനിന്ന് ഖത്തറിന്‍റെ മടക്കം. അവസാന ദിനമായ ചൊവ്വാഴ്ച ഹാൻഡ്ബാളിലും ഫെൻസിങ്ങിൽ അലി ഉവൈദ, അബ്ദുല്ല ഖലീഫ, ഖാലിദ് ഹുസൈൻ എന്നിവരുടെ ടീമുമാണ് സ്വർണം നേടിയത്.
പുരുഷ ടെന്നിസിൽ മൂസ ഷനാൻ, റാഷിദ് നവാഫ്, മുബാറക് ഷനാൻ, ഈസ ഷനാൻ എന്നിവർ രണ്ടാം സ്ഥാനക്കാരായി വെള്ളിയും നേടി. ഹാൻഡ്ബാളിലെ അവസാന മത്സരത്തിൽ ബഹ്റൈനെ 29-28 സ്കോറിന് തോൽപിച്ചാണ് ഖത്തർ പൊന്നണിഞ്ഞത്. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടന്ന ഹാൻഡ്ബാളിൽ തുടർച്ചയായി അഞ്ച് മത്സരവും ജയിച്ചാണ് ഖത്തർ സ്വർണം നേടിയത്. അവസാന അങ്കത്തിന്‍റെ ഒന്നാം സെഷനിൽ ബഹ്റൈനെതിരെ പിന്നിൽ നിന്നശേഷമായിരുന്നു പൊരുതി കയറിയത്.
15 ഇനങ്ങളിൽ 170 അത്ലറ്റുകളമായി എത്തിയ ഖത്തർ 16 സ്വർണവും 21 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെ 52 മെഡലുകൾ നേടി അഞ്ചാം സ്ഥാനത്തായിരുന്നു. ആതിഥേയരായ കുവൈത്ത് (36-28-32), ബഹ്റൈൻ (20-23-21), യു.എ.ഇ (18-16-16), സൗദി (16-22-29) ടീമുകൾക്കു പിന്നിലായിരുന്നു ഖത്തറിന്‍റെ സ്ഥാനം.
പുരുഷ വനിത വിഭാഗങ്ങളിലായി 16 മത്സരങ്ങളാണ് ഗെയിംസിൽ ഉൾപ്പെടുത്തിയിരുന്നത്. യു.എ.ഇയാണ് അടുത്തവർഷം നാലാമത് ജി.സി.സി കായികമേളക്ക് ആതിഥ്യം വഹിക്കുന്നത്. സമാപനച്ചടങ്ങിൽ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അംഗം ശൈഖ് മുബാറക് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, യു.എ.ഇ ഒളിമ്പിക് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അസ്സ അൽമാലിക്കിന് ജി.സി.സി സെക്രട്ടേറിയറ്റിന്റെ പതാക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.