ജി.സി.സി സന്ദർശകർ ഖത്തറിൽ ഒഴുകിയെത്തുന്നു
text_fieldsദോഹ: കോവിഡാനന്തരം ഖത്തർ ഉണർന്ന ലോകത്തിനൊപ്പം ഖത്തർ ലോകകപ്പിനെ വരവേൽക്കാനൊരുങ്ങവെ ജി.സി.സി, അറബ് രാജ്യങ്ങളിൽനിന്ന് സന്ദർശകരുടെ എണ്ണത്തിലെ വർധനവ് രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തേകുന്നു. ഖത്തറിലെത്തിയ സന്ദർശകരിൽ 54 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്നും മേഖലയിൽ നിന്ന് നിരവധി സന്ദർശകർ മെയിൽ ഖത്തറിലെത്തിയതായും പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.2021 മേയ് മാസത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 869 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം മേയിൽ 17140 സന്ദർശകർ ഖത്തറിലെത്തിയപ്പോൾ ഈ വർഷം മേയിൽ 166,090 സന്ദർശകരാണെത്തിയത്. ഈ വർഷം ഏപ്രിലിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 69.7 ശതമാനം വർധനവുണ്ടായതായും പി.എസ്.എ ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങളിൽ നിന്ന് മാത്രം 90,309 സന്ദർശകരാണ് മേയ് മാസത്തിൽ ഖത്തറിലെത്തിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ 30,258 പേരാണ് ഖത്തറിലെത്തിയത്. അതേസമയം, ആകെയുള്ള സന്ദർശകരിൽ ആറ് ശതമാനം പേരും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്ന് പി.എസ്.എ സൂചിപ്പിച്ചു. മേയ് മാസത്തിൽ 9802 സന്ദർശകർ അറബ് രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ 747 പേർ മാത്രമായിരുന്നു സന്ദർശകരായി ഖത്തറിലെത്തിയിരുന്നത്. ആകെ സന്ദർശകരിൽ 426 പേർ കരമാർഗവും 10100 പേർ കടൽ മാർഗവും ഖത്തറിലെത്തിയതായും പി.എസ്.എ അറിയിച്ചു.
കൂടിയ വാക്സിനേഷൻ നിരക്കും കോവിഡ് മഹാമാരിയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതും സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധനവിൽ പ്രധാന ഘടകമായി. ഖത്തർ-സൗദി അതിർത്തിയായ അബു സംറയിലൂടെ ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ 62628 വാഹനങ്ങളാണ് ഖത്തറിനകത്തേക്കും പുറത്തേക്കും കടന്നതെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഖത്തറിലെത്തിയ സന്ദർശകരിൽ 29824 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തിയപ്പോൾ അമേരിക്കയിൽ നിന്നും 8684 പേരും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.