പുതുവർഷത്തിൽ ജി.ഡി.പി രണ്ട് ശതമാനം ഉയരും -ഫിച്ച്
text_fieldsദോഹ: ശക്തമായ നിക്ഷേപവും സ്വകാര്യ, പൊതു ഉപഭോഗവും എണ്ണ ഇതരമേഖലകളിൽ നിർണായക പങ്ക് വഹിക്കുമെന്നതിനാൽ ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ പുതുവർഷത്തിൽ വർധനവുണ്ടാകുമെന്ന് ഫിച്ച് സൊലൂഷൻസിന്റെ പ്രവചനം. വളരുന്ന ഹൈഡ്രോ കാർബൺ ഫലത്തിന്റെ പിന്തുണയോടെ രാജ്യത്ത് വളരുന്ന വ്യവസായങ്ങൾ ഖത്തറിന്റെ ജി.ഡി.പിയിൽ രണ്ട് ശതമാനം വർധനവുണ്ടാക്കുമെന്ന് ഫിച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2023ലെ രണ്ടാം പാദത്തിലുണ്ടായ ഇടിവിനെത്തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി വളർച്ച ഒരു ശതമാനമായിരുന്നെന്നും എന്നാൽ പുതുവർഷത്തിൽ ജി.ഡി.പി വളർച്ചയുടെ പാതയിലായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ പ്രധാന ഘടകമായിരുന്നെന്നും, വർഷത്തിന്റെ രണ്ടാം പകുതിയിൽ ശക്തമായ എണ്ണ ഇതര വിപണിയെ ഇത് നയിച്ചെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പുതുവർഷത്തിൽ രാജ്യത്തിന്റെ എണ്ണ ഇതര പ്രവർത്തനങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് വളർച്ച വേഗത്തിലാക്കുന്നതിന്റെ പ്രാഥമിക ചാലകമാകുമെന്നും റിപ്പോർട്ടിലുണ്ട്. 2022 മുതലുള്ള പ്രതികൂല ഘടകങ്ങൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, വരാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ്, ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് എന്നിവ വർഷത്തിന്റെ ആദ്യ പാദത്തിൽ എണ്ണ ഇതര മേഖലയിൽ വലിയ വളർച്ചക്ക് വഴിയൊരുക്കുമെന്നും ഫിച്ച് പ്രസ്താവിച്ചു. ഈ ആഗോള ചാമ്പ്യൻഷിപ്പുകളും മത്സരങ്ങളും സേവന കയറ്റുമതി വർധിപ്പിക്കുന്നതിന് രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.