പാരിസ് ഒളിമ്പിക്സ് ഫോറത്തിൽ പങ്കെടുത്ത് ജനറേഷൻ അമേസിങ്
text_fieldsദോഹ: കളിയുടെ നാനാവശങ്ങൾ ചർച്ച ചെയ്യുകയും, സ്പോർട്സിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതിന്റെ സാധ്യതകൾ ആരായുകയും ചെയ്ത പാരിസ് ഒളിമ്പിക്സിലെ ‘യുനൈറ്റഡ് ബൈ സ്പോർട്സ്’ ഫോറത്തിൽ പങ്കെടുത്ത് ഖത്തറിന്റെ ജനറേഷൻ അമേസിങ്. ലോകകപ്പ് ഫുട്ബാളിന്റെ ലെഗസി ലോകമെങ്ങും എത്തിക്കുന്നതിന്റെ ഭാഗമായി ഖത്തർ ആരംഭിച്ച പ്രസ്ഥാനമാണ് യുവതലമുറയിലേക്ക് കളിയും സംഘാടനവും പകരുന്ന ‘ജനറേഷൻ അമേസിങ്’.
സ്പോർട്സിലൂടെ യുവതലമുറയെ സാമൂഹികമായി ഉൾക്കൊള്ളുന്നതായിരുന്നു ഒളിമ്പിക്സിലെ ആഗോള സമ്മേളന പ്രമേയം. ഒളിമ്പിക്, പാരാലിമ്പിക് പ്രസ്ഥാനങ്ങൾ ഉയർത്തുന്ന തത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, സാമൂഹികമായി ഉൾക്കൊള്ളുന്നതിലും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിലും കായിക മേഖലയുടെ നിർണായക പങ്കിനെ സമ്മേളനം പ്രത്യേകം ചൂണ്ടിക്കാട്ടി.
കായിക സംഘടനകൾ, അന്താരാഷ്ട്ര ഏജൻസികൾ, എൻ.ജി.ഒകൾ എന്നിവയുടെ മുതിർന്ന പ്രതിനിധികളും അന്താരാഷ്ട്ര അത്ലറ്റുകളും പങ്കെടുത്തു. ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയോ കാസ്റ്റെറോ സംസാരിച്ചു.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് 2022 മുന്നോട്ടുവെച്ച മാനുഷികവും സാമൂഹികവുമായ പൈതൃക സംരംഭമെന്ന നിലയിൽ ജനറേഷൻ അമേസിങ്ങിന്റെ ശ്രദ്ധേയമായ സംരംഭങ്ങളെക്കുറിച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽഖോറി പാനൽ ചർച്ചയിൽ വിശദീകരിച്ചു.
യുവാക്കളുടെ ശാക്തീകരണത്തിനും കായിക വികസനത്തിനുമായി ഒരു വർഷം നീണ്ടുനിന്ന ആഗോള വിനിമയ പദ്ധതിയായ ഗോൾ 22ന്റെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിഫ ലോകകപ്പിൽ ആരംഭിച്ച് ഫ്ലോറിഡയിലെ മയാമിയിൽ നടന്ന കോൺകാകഫ് ഗോൾഡ് കപ്പിന്റെ സമാപന ഉച്ചകോടിയിലാണ് ഗോൾ 22 പദ്ധതിക്ക് സമാപനം കുറിച്ചത്.
ഫിഫ ലോകകപ്പിനൊപ്പം ആതിഥേയത്വം വഹിക്കുന്ന ഇത്തരത്തിലുള്ള പ്രഥമ പരിപാടിയാണ് ഗോൾ 22 എന്നും, 32 രാജ്യങ്ങളിൽനിന്നുള്ള യുവാക്കളെ ഒരു വർഷം നീണ്ടുനിന്ന ആഗോള പദ്ധതിയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഫൗണ്ടേഷനുകൾക്കും സ്വകാര്യ മേഖലയിലെ പങ്കാളികൾക്കും സമൂഹത്തെ ശാക്തീകരിക്കാനും കായികമേഖലയിലൂടെ സുസ്ഥിരമായ സാമൂഹിക സ്വാധീനം നേടിയെടുക്കാനും സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.