ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോ ഖത്തറിൽ
text_fieldsദോഹ: ലോകമെങ്ങുമുള്ള വാഹന പ്രേമികളുടെ ആവേശമായ ജനീവ മോട്ടോർ ഷോ ഖത്തറിലേക്കും. വാഹനങ്ങളുടെ വിസ്മയ ലോകം അവതരിപ്പിക്കുന്ന ഷോയുടെ 2023ലെ പതിപ്പിനാണ് ദോഹ വേദിയാവുന്നത്. ഇതു സംബന്ധിച്ച് ഖത്തർ ടൂറിസവും ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോയും (ജി.ഐ.എം.എസ്) കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ചടങ്ങിൽ ധാരണപത്രം ഒപ്പുവെച്ചു.
2023ലെ ഖത്തർ–ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോയുടെ വിശദ വിവരങ്ങൾ, അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മോട്ടോർ ഷോയിൽ പുറത്തുവിടുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബാകിർ അറിയിച്ചു.
ധാരണപത്രം ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ, ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോ സ്ഥിരം സമിതി പ്രസിഡൻറ് മൗറീസ് ടുറേറ്റിനി, ജി.ഐ.എം.എസ് സി.ഇ.ഒ സാൻഡ്രോ മെസ്ക്വിറ്റ എന്നിവർ പങ്കെടുത്തു.
ഖത്തർ–ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോ എല്ലാ രണ്ട് വർഷത്തിലും നടക്കുമെന്നും ഖത്തറിെൻറ ഖ്യാതിയും പെരുമയും ആഗോളതലത്തിൽ കൂടുതൽ വ്യാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ജി.ഐ.എം.എസുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി. എല്ലാ വർഷവും വിജയകരമായി സംഘടിപ്പിക്കുന്ന ഖത്തർ മോട്ടോർ ഷോ സംബന്ധിച്ച് വ്യക്തമാക്കിയ അദ്ദേഹം, ഖത്തർ–ജനീവ മോട്ടോർ ഷോ മധ്യേഷ്യയിലെ തന്നെ വാഹനലോകത്തിൻെറ വിസ്മയ കാഴ്ചയായി മാറുമെന്നും സൂചിപ്പിച്ചു.
1095ലാണ് ജനീവ അന്താരാഷ്ട്ര മോട്ടോർ ഷോ ആരംഭിച്ചത്. യൂറോപ്പിലും ആഗോളതലത്തിലും ഏറെ പ്രസിദ്ധമായ ജനീവ മോട്ടോർഷോയുടെ ഓരോ എഡിഷനിലും ആറ് ലക്ഷത്തിലധികം സന്ദർശകരും പതിനായിരത്തിലധികം മാധ്യമപ്രവർത്തകരുമാണ് എത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020ലും 2021ലും ഷോ റദ്ദാക്കിയിരുന്നു. കൂടുതൽ വിപുലമായി 2022 ഫെബ്രുവരിയിൽ മോട്ടോർ ഷോ സംഘടിപ്പിക്കുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.