വയോജന ക്ലിനിക് കൂടുതൽ കേന്ദ്രങ്ങളിലേക്ക്
text_fieldsദോഹ: വയോജനങ്ങൾക്കായുള്ള സമഗ്ര ചികിത്സ സേവനങ്ങൾ (ഐ.സി.ഒ.പി.ഇ) പി.എച്ച്.സി.സിക്ക് കീഴിലെ ലിഅബൈബ് ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. അൽ വജബ, റൗദത് അൽ ഖൈൽ ആരോഗ്യ കേന്ദ്രങ്ങളിൽ വിജയകരമായി പ്രവർത്തനമാരംഭിച്ചതിനുശേഷം ഐ.സി.ഒ.പി.ഇ ആരംഭിക്കുന്ന മൂന്നാമത് ആരോഗ്യ കേന്ദ്രമാണ് ലിഅബൈബ്.
ലോകാരോഗ്യ സംഘടന വികസിപ്പിച്ച ഐ.സി.ഒ.പി.ഇ പ്രോഗ്രാമിന്റെ ഭാഗമായാണ് പൈലറ്റ് ക്ലിനിക് പ്രവർത്തിക്കുന്നത്. പ്രായമായവരുടെ ആരോഗ്യവും ക്ഷേമവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ഒ.പി.ഇ ആരംഭിച്ചിരിക്കുന്നത്. പ്രായമായവരെ കഴിയുന്നത്ര കാലം സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തരാക്കുംവിധത്തിൽ അവരുടെ ആരോഗ്യം നിലനിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഐ.സി.ഒ.പി.ഇ മുഖേന വയോജനങ്ങളിലുണ്ടാകുന്ന അപകടസാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ് തളർച്ചയും ആരോഗ്യാവസ്ഥയിലെ തകർച്ചയും വർധിക്കുന്നത് തടയുകയോ അവ മന്ദഗതിയിലാക്കുകയോ ചെയ്യാൻ സമയോചിതമായ ഇടപെടലുകൾ നൽകി ആരോഗ്യകരമായ വാർധക്യം നൽകുകയാണ് പി.എച്ച്.സി.സി ലക്ഷ്യമിടുന്നത്. പ്രായമായവർക്കുള്ള പ്രത്യേക ആരോഗ്യ സേവനങ്ങൾ പ്രാഥമിക ശുശ്രൂഷയുമായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐ.സി.ഒ.പി.ഇ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. പ്രായമായവരിലെ കാഴ്ച വൈകല്യം, കേൾവിക്കുറവ്, വൈജ്ഞാനിക തകർച്ച, വിഷാദ രോഗലക്ഷണങ്ങൾ, പോഷകാഹാരക്കുറവ്, ചലനനഷ്ടം, വീഴ്ചകൾ എന്നിവ ക്ലിനിക്കിൽ വിലയിരുത്തപ്പെടും. തുടക്കത്തിൽ ലിഅബൈബ് ഹെൽത്ത് സെന്ററിൽ രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുക. പിന്നീട് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും റഫറലുകൾ സ്വീകരിക്കും. എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.