ഗെറ്റ്, സെറ്റ് ഗോ... ഖത്തർ റൺ
text_fieldsഗൾഫ് മാധ്യമം ഖത്തർ റൺ നാളെ; രാവിലെ 6.30ന് മത്സരം തുടങ്ങും
ദോഹ: കായികരംഗത്ത് ഖത്തറിൻെറ തലയെടുപ്പായി ഉയർന്നു നിൽക്കുന്ന ആസ്പയർ സോണിലെ ടോർച്ച് ടവറിനു താഴെ വെള്ളിയാഴ്ച വേഗക്കുതിപ്പിൻെറ ദിനം. വെള്ളിയാഴ്ച സൂര്യോദയത്തിനു പിന്നാലെ, ദേശഭാഷാ, ലിംഗ വ്യത്യാസമില്ലാതെ, വിവിധ രാജ്യക്കാരും, പലപ്രായക്കാരും ഒരേ ട്രാക്കിൽ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കും. കോവിഡിൻെറ മഹാമാരിയിൽനിന്നും രാജ്യവും ലോകവും ജീവിതതാളത്തിലേക്ക് തിരികെയെത്തി എന്നതിൻെറ വിളംബരമായി ഖത്തർ റണ്ണിന് 6.30ന് വിസിൽ മുഴങ്ങും. ആസ്പയർ പാർക്കിലാണ് ഖത്തർ റണ്ണിൻെറ രണ്ടാമത് പതിപ്പിന് ട്രാക്കുണരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ഖത്തർ റൺ രണ്ടാം എഡിഷനാണ് വെള്ളിയാഴ്ച ആസ്പയർ പാർക്ക് വേദിയാവുന്നത്. േകാവിഡിൻെറ രണ്ടാം വരവിനെ തുടർന്നായിരുന്നു നേരത്തേ മാറ്റിവെച്ചത്. മുേമ്പ രജിസ്റ്റർ ചെയ്തവർതന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.
• ബിബ് ഇന്ന് വാങ്ങാം
വെള്ളിയാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൻെറ ബിബ് നമ്പറുകൾ വ്യാഴാഴ്ചതന്നെ വാങ്ങാമെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ, മത്സരം തുടങ്ങുന്ന സമയമായ ഫെബ്രുവരിയിൽ നൽകിയ ബിബ് നമ്പർ വെള്ളിയാഴ്ചത്തെ മത്സരത്തിന് ഉപയോഗിക്കാൻ പറ്റില്ലെന്ന് സംഘാടകർ അറിയിച്ചു. നേരത്തേ നൽകിയ റേസ് ജഴ്സി അണിഞ്ഞു മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കൂ.
• കോവിഡ് പ്രോട്ടോകോൾ മുഖ്യം
കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ സാമൂഹിക അകലത്തിന് ഊന്നൽ നൽകിയാവും ഖത്തർ റണ്ണിൻെറ സംഘാടനം. 10 കി.മീ ഓട്ടം രാവിലെ 6.30നുതന്നെ ആരംഭിക്കും. തുടർന്നായിരിക്കും അഞ്ച് കിലോമീറ്ററും, മൂന്ന് കിലോമീറ്ററും. മത്സരിക്കുന്ന സമയം ഒഴികെ എല്ലായ്പോഴും അത്ലറ്റുകൾ മാസ്ക് അണിഞ്ഞിരിക്കണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാവും പ്രവേശനം. ഇഹ്തിറാസ് ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധനയും തെർമൽ സ്കാനിങ്ങും ഉണ്ടായിരിക്കും.
• കുട്ടികൾക്ക് വെർച്വൽ റൺ
12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ പങ്കാളിത്തത്തിന് ആരോഗ്യ മന്ത്രലായം അനുമതിയില്ലാത്തതിനാൽ വെർച്വൽ റൺ ആയാണ് സംഘടിപ്പിക്കുന്നത്. ഏഴിനും 12നുമിടയിൽ പ്രായമുള്ള രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് വീട്ടിലോ മറ്റോ ആയി ഓട്ടം പൂർത്തീകരിക്കാം. മൂന്ന് കി.മീ ദൂരമാണ് ഇവർക്കായി നിശ്ചയിച്ചത്. മൊബൈൽ ഫോൺ ആപ്ലിക്കേഷനോ, സ്മാർട്ട് വാച്ചോ വഴി റെക്കോഡ് ചെയ്ത മത്സര വിവരങ്ങൾ qrs@z-adventures.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാം. വെള്ളിയാഴ്ച രാവിലെ എട്ടിന് മുമ്പായി മത്സരം പൂർത്തിയാക്കി അയക്കണം.
സ്റ്റാർട്ടിങ് സമയം
•10 കി.മീ ഓപൺ പുരു-വനിത -6.30am
•10 കി.മീ മാസ്റ്റേഴ്സ് പുരു-വനിത 6.33am
•5 കി.മീ ഓപൺ പുരുഷവിഭാഗം -6.36am
•5 കി.മീ ഓപൺ വനിത -6.39am
•5 കി.മീ മാസ്റ്റേഴ്സ് പുരുഷ-വനിത 6.42am
•3 കി.മീ ഓപൺ പുരുഷ-വനിത 7.30am
•3 കി.മീ മാസ്റ്റേഴ്സ് പുരുഷ-വനിത -7.33am
•3 കി.മീ സെക്കൻഡറി (12-15 വയസ്സ്) -7.36am
ഒറ്റട്രാക്കിൽ 45 രാജ്യങ്ങൾ; 436 അത്ലറ്റുകൾ
ഖത്തറിൻെറ ദേശഭാഷാ വൈവിധ്യം ഒറ്റട്രാക്കിൽ വിരിയുന്നതാണ് ഖത്തർ റൺ. 45 രാജ്യങ്ങളിൽനിന്നായി 436 പേരാണ് മത്സരിക്കാൻ രംഗത്തുള്ളത്. ഇവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ് (146). തൊട്ടുപിന്നിൽ സ്വദേശികളായ ഖത്തരികൾതന്നെയാണ്. 131 സ്വദേശി പൗരന്മാരാണ് ഖത്തർ റണ്ണിൽ ഭാഗമാവുന്നത്. 2020ലെ ആദ്യ എഡിഷനിൽ ഇത് 37 ആയിരുന്നെങ്കിൽ ഇക്കുറി പതിന്മടങ്ങായി വർധിച്ചുകഴിഞ്ഞു. ബ്രിട്ടൻ (33), ഫ്രാൻസ് (11), അമേരിക്ക (എട്ട്), ഫിലിപ്പീൻസ്(12), ഈജിപ്ത് തുടങ്ങി വിവിധ രാജ്യക്കാരുടെയും പങ്കാളിത്തം കുറവല്ല.
അയർലൻഡ്, ബൾഗേറിയ, യുക്രെയ്ൻ, റഷ്യ, ലിബിയ, ഇറ്റലി, കാനഡ, ജപ്പാൻ, പോർചുഗൽ, ശ്രീലങ്ക, പാകിസ്താൻ, ന്യൂസിലൻഡ്, യു.എ.ഇ, ബെൽജിയം, ചൈന, സ്വീഡൻ, ജർമനി, ലിബിയ, സിറിയ, ജോർഡൻ,സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് ഖത്തർ റൺ. മൂന്ന് കിലോമീറ്ററിൽ വിവിധ വിഭാഗങ്ങളിലായി 202 പേർ മത്സരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പങ്കാളിത്തവും ഹ്രസ്വദൂരമായ മൂന്ന് കിലോമീറ്ററിലാണ്. അഞ്ച് കിലോമീറ്ററിൽ 147 പേരാണ് ട്രാക്കിലിറങ്ങുന്നത്. 118 പുരുഷന്മാരും 29 വനിതകളും ഉൾപ്പെടെയാണിത്. ഏറ്റവും ദൈർഘ്യമേറിയ ദൂരമായ 10 കി.മീയിൽ 87 പേരാണ് മത്സരിക്കുന്നത്. 16 വനിതകളും, 71 പുരുഷന്മാരുമാണിത്. 40നു മുകളിൽ പ്രായമുള്ളവരുടെ മാസ്റ്റേഴ്സിൽ 32ഉം, 40നു താഴെ പ്രായമുള്ളവരുടെ ഓപൺ വിഭാഗത്തിൽ 55 പേരും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.