ഗെറ്റ്... സെറ്റ്... ഗോാാാ... ഖത്തർ റൺ സീസൺ 5
text_fieldsദോഹ: ഖത്തറിലെ ഓട്ടക്കാരുടെ വാർഷിക പോരാട്ടമായി മാറിയ ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ അഞ്ചാം പതിപ്പിനായി ട്രാക്കുണരുന്നു. കഴിഞ്ഞ നാലു സീസണുകളിലായി വിവിധ ദേശക്കാരായ പ്രവാസികളും സ്വദേശികളും ഏറ്റെടുത്ത ‘ഖത്തർ റൺ’ അഞ്ചാം പതിപ്പിന് ഫെബ്രുവരി 23ന് വിസിൽ മുഴങ്ങും.
ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘ഖത്തർ റണ്ണിന്’ ആസ്പയർ പാർക്കിലെ റേസിങ് ട്രാക്കാണ് വേദിയാവുന്നത്. നസീം ഹെൽത്ത് കെയറാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ. ഖത്തറിലെ പ്രമുഖ റേഡിയോ ശൃംഖലയായ ഒലീവ് സുനോ റേഡിയോ പങ്കാളികളാകും. ഖത്തർ റൺ അഞ്ചാം സീസണിന്റെ ലോഗോ പ്രകാശനം ഒലീവ് റേഡിയോ സുനോയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് റിലേഷൻ മാനേജർ സന്ദീപ് നായർ, അസി. മാനേജർ ഇഖ്ബാൽ അബ്ദുല്ല, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ, റേഡിയോ സുനോ പ്രോഗ്രാം മേധാവി ആർ.ജെ അപ്പുണ്ണി എന്നിവർ ചേർന്ന് നിർവഹിച്ചു. ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജാബിർ അബ്ദുറഹ്മാൻ, റേഡിയോ സുനോ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് ബഷയിർ, ആർ.ജെ സന്ദീപ് എന്നിവരും പങ്കെടുത്തു.
പലദേശക്കാരുടെ പങ്കാളിത്തം
സ്വദേശികളും ഇന്ത്യക്കാരും മുതൽ ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ. കഴിഞ്ഞ പതിപ്പുകളിൽ 40 മുതൽ 60ഓളം രാജ്യക്കാരായ ആയിരത്തിലേറെ അത്ലറ്റുകളാണ് വിവിധ കാറ്റഗറികളിലായി മത്സരിച്ചത്. പ്രഫഷണൽ അത്ലറ്റുകൾ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർവരെ മത്സരങ്ങളിൽ പങ്കാളികളാകുന്നു.
എല്ലാവർക്കും ഓടാം
വിവിധ കിലോമീറ്റർ വിഭാഗങ്ങളിൽ പല പ്രായക്കാർക്കായി ‘ഖത്തർ റൺ’ മത്സരങ്ങളുണ്ട്. 10 കിലോമീറ്റർ, 5 കി.മീറ്റർ, 3 കി.മീറ്റർ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ മത്സരങ്ങളും ഒരേ വേദിയിൽ നടക്കും. പുരുഷ, വനിത വിഭാഗങ്ങളിൽ ഓപൺ-മാസ്റ്റേഴ്സ് മത്സരങ്ങളുമുണ്ട്. ഫെബ്രുവരി 23ന് രാവിലെ ഏഴ് മുതലാണ് ആസ്പയർ പാർക്കിൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഓടാൻ രജിസ്റ്റർ ചെയ്യാം
നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ‘ഗൾഫ് മാധ്യമം’ ഖത്തർ റണ്ണിൽ ഓടാൻ അവസരം ലഭിക്കുന്നത്. 17 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 150 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ഏഴുമുതൽ 16 വരെ പ്രായക്കാരുടെ ജൂനിയർ കാറ്റഗറിക്ക് 100 റിയാലും മൂന്ന് മുതൽ ആറു വയസ്സുവരെ കുട്ടികളുടെ മിനി കിഡ്സിന് 100 റിയാലുമാണ് ഫീസ്. മത്സരാർഥികൾക്ക് ഇലക്ട്രോണിക് ബിബ്, ജഴ്സി എന്നിവയും മത്സരം പൂർത്തിയാക്കുന്നവർക്ക് മനോഹരമായ മെഡലും ഇ സർട്ടിഫിക്കറ്റും ലഭിക്കും. വിജയികളെ കാത്ത് വമ്പൻ സമ്മാനങ്ങളുമുണ്ട്. ‘ഖത്തർ റണ്ണിൽ’ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘ക്യൂ ടിക്കറ്റ്സ്’ വഴിയും രജിസ്റ്റർ ചെയ്യാം. For registration: http://www.madhyamam.com/qatarrun
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.