പെരുന്നാൾ അതിഥികൾക്ക് ‘ഈദിയ്യ’ സമ്മാനം
text_fieldsദോഹ: പെരുന്നാൾ ദിനത്തിൽ ഖത്തറിലേക്കെത്തുന്നവരെ കൈ നിറയെ സമ്മാനങ്ങൾ നൽകി സ്വീകരിക്കാനൊരുങ്ങി ഖത്തർ ടൂറിസം. കര, വ്യോമപാതകളിലൂടെ പ്രവേശിക്കുന്നവരെ അബൂസംറ അതിർത്തിയിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ‘ഈദിയ്യ’ എന്ന പേരിൽ പെരുന്നാൾ കിറ്റ് നൽകിയാവും സ്വീകരിക്കുകയെന്ന് ഖത്തർ ടൂറിസം അറിയിച്ചു.
കുട്ടികള്‍ക്കായി ആക്ടിവിറ്റി കിറ്റ്, പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തിയ റൂട്ട് മാപ്പ്, ഉരീദു സിം കാര്‍ഡ് എന്നിവക്കൊപ്പം ഖത്തറിലെ പ്രമുഖ മാളുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും ഓഫര്‍ കൂപ്പണുകളും ഈദിയ്യ സമ്മാനപ്പൊതിയിലുണ്ടാകും. ഖത്തറിന്റെ വിനോദ സഞ്ചാരമേഖലക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
പെരുന്നാള്‍ അവധിക്കാലത്ത് തങ്ങളുടെ ടൂറിസം കേന്ദ്രമായി ഖത്തറിനെ തെരഞ്ഞെടുത്തതിന്റെ നന്ദി സൂചകമായാണ് സമ്മാനം നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസം ഇവന്റ്സ് ആൻഡ് ഫെസ്റ്റിവല്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് മേധാവി ഹമദ് അല്‍ ഖാജ പറഞ്ഞു.
ബലദ്ന പാര്‍ക്ക്, ലുസൈല്‍ വണ്ടര്‍ലാന്റ്, കിഡ്സ് മോണ്ടോ, റഷ് ആക്ഷൻ പാർക്ക് തുടങ്ങിയ വിനോദ കേന്ദ്രങ്ങളുടെയും വിവിധ ഹോട്ടലുകളുടെയും ഓഫറുകള്‍ ‘ഈദിയ്യ’ കിറ്റിൽ ലഭ്യമാണ്. ഏപ്രില്‍ 22 മുതല്‍ 30 വരെ കാലയളവിലാണ് ഈ ഓഫറുകൾ ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.
കുടുംബങ്ങൾക്ക് ഡെസേർട്ട് ഫാൾസ് വാട്ടർ ആൻഡ് അഡ്വഞ്ചർ പാർക്ക്, ദോഹ ടോയ്സ് ടൗൺ, ദോഹ ഒയാസിസ്, രാത്രികാലങ്ങളിലെ ക്യാമ്പിങ് തുടങ്ങി വിവിധ സൗകര്യങ്ങളും കിറ്റിനൊപ്പം ഓഫർ നിരക്കിൽ ലഭ്യമാകും. കതാറ ഹിൽസ് ഹോട്ടൽ, മയ്സൻ ദോഹ, അൽ റയാൻ ഹോട്ടൽ, ദ ചെഡി കതാറ എന്നിവിടങ്ങളിൽ താമസത്തിനും ഇളവുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.