അവധി ഉല്ലാസത്തിന് വിദേശങ്ങളിലേക്ക്
text_fieldsദോഹ: ഈദ്, വേനൽ സീസണിൽ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകളുടെ എണ്ണം കുതിച്ചുയർന്നതായി ട്രാവൽ ഏജൻസികൾ. റമദാൻ, ഈദ് അവധിക്ക് ശേഷമുള്ള രണ്ടാം പാദത്തിൽ യാത്രാ ആവശ്യങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ട്രാവൽ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു.
യാത്രാ ബുക്കിങ്ങുകളിൽ വലിയ കുതിച്ചുചാട്ടമുണ്ടായതായും വേനൽക്കാല അവധി അടുക്കുമ്പോൾ യാത്രചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നും ഖത്തറിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ തൗഫീഖ് സി.ഇ.ഒ രെഹാൻ അലി സെയ്ദ് പറഞ്ഞു. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഒരുക്കങ്ങളിലായിരുന്നു രാജ്യം. ഇതുകാരണം വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കുടുംബസമേതമുള്ള യാത്രകൾക്ക് തടസ്സമായി.
പലരും, വാർഷിക അവധിക്കുള്ള യാത്രകളും ഒഴിവാക്കി. മേയ് അവസാനത്തോടെ രാജ്യത്തെ ട്രാവൽ ഏജൻസികൾ ഈ വർഷത്തെ ഏറ്റവും തിരക്കേറിയ സീസണിലേക്ക് പ്രവേശിച്ചതായി രെഹാൻ അലി കൂട്ടിച്ചേർത്തു. കൂടുതൽ പേർ യാത്ര ചെയ്യാൻ ഉദ്ദേശിച്ചതോടെ മേയ് അവസാനം മുതൽ ടിക്കറ്റ് വിൽപനയിൽ വലിയ കുതിച്ചുചാട്ടമുണ്ടായതായും സ്കൂൾ അവധി ആരംഭിച്ചതോടെ രാജ്യത്തിന് പുറത്തേക്കുള്ള യാത്രാ ആവശ്യം ഉയർന്നുവെന്നും പ്രത്യേകിച്ചും സ്വന്തം നാടുകളിലേക്കുള്ള യാത്രകൾ വർധിച്ചുവെന്നും രെഹാൻ അലി സെയ്ദ് പറഞ്ഞു.
2023ന്റെ ആദ്യപാദത്തിൽ ടിക്കറ്റ് നിരക്ക് കാരണം പുറത്തേക്കുള്ള യാത്രകൾ കുറഞ്ഞിരുന്നു. ഫിഫ ലോകകപ്പിനുശേഷം ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതിനാൽ പുറത്തേക്കുള്ള യാത്രകൾ മന്ദഗതിയിലായിരുന്നു. എന്നിരുന്നാലും വേനൽക്കാല സീസണിൽ യാത്രകളിൽ കുതിപ്പുണ്ടായതായും തിരക്കേറിയ സീസണാണ് മുന്നിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.ദുബൈ, സൗദി അറേബ്യ, ലണ്ടൻ, സ്പെയിൻ, ഫ്രാൻസ് എന്നിവ ഖത്തരികൾക്ക് ഏറ്റവും പ്രിയമേറിയ യാത്രാ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ദർവീശ് ട്രാവൽസ് മാർക്കറ്റിങ് മാനേജർ ലൂർദ് ഡോളർ പറഞ്ഞു.
ജോർജിയ, സീഷെൽസ്, മാലദ്വീപ്, തുർക്കി, യു.എ.ഇ, നെതർലൻഡ്സ് എന്നിവയാണ് രാജ്യത്തെ പ്രവാസികൾക്ക് ഏറ്റവും പ്രിയമെന്നും ഡോളർ കൂട്ടിച്ചേർത്തു.കുറഞ്ഞ യാത്രാസമയവും വിസ ഓൺ അറൈവൽ നിയന്ത്രണങ്ങളിലെ ഇളവുകളുമാണ് സന്ദർശിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രവാസികളെ സ്വാധീനിക്കുന്ന ഘടകങ്ങളെന്നും അവധിക്കാലത്തിനായി നിരവധി പാക്കേജുകളാണ് ഏജൻസികൾ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കോക്, ക്വാലാലംപുർ, ഹോങ്കോങ്, ഇസ്തംബൂൾ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക പാക്കേജുകൾ ആരംഭിച്ചതായും 2023 റിയാൽ മുതലാണ് പാക്കേജുകൾ ആരംഭിക്കുന്നതെന്നും ഡോളർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.