കിരീടപ്പോരാട്ടത്തിന് തീപടർത്താൻ ഗോൾഡൻ ബാൾ
text_fieldsദോഹ: പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൻകരയുടെ കളിയുത്സവത്തിന് ആവേശം പടർത്തുന്ന പന്ത് തയാറായി.
നിറത്തിലും ലുക്കിലും മാറ്റങ്ങളോടെ പുറത്തിറക്കിയ വോർടെക്സ് എ.സി 23 പ്ലസ് പന്തായിരിക്കും ഫെബ്രുവരി 10ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഉപയോഗിക്കുകയെന്ന് എ.എഫ്.സി അറിയിച്ചു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും നിർമാതാക്കളായ കെൽമിയും ചേർന്നാണ് ഫൈനലിനുള്ള പന്ത് പുറത്തിറക്കിയത്. വെള്ളയും ചുവപ്പും മെറൂണും നിറത്തിലാണ് മാച്ചിന്റെ ഔദ്യോഗിക പന്തെങ്കിൽ ഫൈനലിലെത്തുമ്പോഴേക്കും മരുഭൂമിയുടെ ചാരവും സ്വർണനിറങ്ങളുമെല്ലാം ചേർന്ന് കൂടുതൽ ആകർഷകമായാണ് വോർടെക്സ് എ.സി 23 പ്ലസ് തയാറാക്കിയത്. ഖത്തറിന്റെ മരുഭൂമിയിലെ മണൽ തരികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫൈനലിനുള്ള പന്ത് രൂപകൽപന ചെയ്തതെന്ന് എ.എഫ്.സി സെക്രട്ടറി ജനറൽ ഡാറ്റക് വിൻഡ്സർ ജോൺ പറഞ്ഞു. ഏഷ്യൻ കപ്പിന്റെ എക്കാലത്തെയും മികച്ച ടൂർണമെന്റിനാണ് ഖത്തർ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാഴ്ചയിലും അതിശയിപ്പിക്കുന്ന രൂപകൽപനയിലും ഗുണനിലവാരത്തിലും മികച്ചുനിൽക്കുന്ന മാച്ച് ബാൾ കളിയുടെ മികവിലും നിർണായകമായി മാറുമെന്ന് എ.എഫ്.സി മേധാവി സാക്ഷ്യപ്പെടുത്തി.
ലോകകപ്പ് ഫുട്ബാളിലും ഇതേ മാതൃകയിൽ ടൂർണമെന്റിൽ രണ്ടു മാച്ച് ബാളുകളാണ് സംഘാടകർ പുറത്തിറക്കിയത്. ഗ്രൂപ് റൗണ്ടിലും ക്വാർട്ടർ ഫൈനൽ വരെയും അൽ രിഹ്ല പന്തായിരുന്നു ഉപയോഗിച്ചതെങ്കിലും സെമിയിലും ഫൈനലിലും അൽ ഹിൽമ് പന്തായിരുന്നു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ പ്രധാന പങ്കാളികളിൽ ഒരാളായ പ്രമുഖ സ്പോർട്സ് ഗുഡ്സ് ബ്രാൻഡായ കെൽമിയാണ് ഏഷ്യൻ കപ്പിന്റെ പന്ത് നിർമാതാക്കൾ. വേഗതയും കൃത്യതയും തികഞ്ഞ രീതിയിലാണ് പന്തിന്റെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.