ചിലന്തിവല കൊണ്ടൊരു കുപ്പായം
text_fieldsദോഹ: ചിലന്തിവലകൊണ്ട് നിർമിച്ച കുപ്പായം കാണണോ? സംഗതി തമാശയല്ല കേട്ടോ. ഈ അമൂല്യമായ കുപ്പായം കാണാൻ അങ്ങ് അമേരിക്കയിലേക്കോ മറ്റോ പറക്കേണ്ട. നമുക്ക് തൊട്ടരികിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സിന്റെ നാലാം നിലയിലെ താൽക്കാലിക എക്സിബിഷൻ ഗാലറിയിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നുണ്ട് ഈ അതുല്യ സൃഷ്ടി. പരുത്തിയും പട്ടും മൃഗങ്ങളുടെ രോമവും തൊലിയും ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്രങ്ങൾ പുതുമയല്ല. എന്നാൽ, ഖത്തറിൽ സന്ദർശകരെ തേടിയെത്തിയ ഈ കുപ്പായത്തിന് പ്രത്യേകതകൾ ഏറെയുണ്ട്. പ്രത്യേക തരം ചിലന്തികളെ വളർത്തി അവ നിർമിക്കുന്ന സ്വർണനിറത്തിലെ വലയിൽ നെയ്തെടുത്ത സ്വർണ പട്ടുവസ്ത്രം.
വസ്ത്രനിര്‍മാതാക്കളായ സൈമണ്‍ പിയേഴ്സും നികോളസ് ഗോഡ്ലെയും ചേർന്ന് ‘ഗോള്‍ഡന്‍ ഓര്‍ബ് സ്പൈഡര്‍’ എന്നയിനം ചിലന്തിയുടെ വലയില്നിന്നുണ്ടാക്കിയതാണ് ഗോൾഡൻ സ്പൈഡർ സിൽക്. മഡഗാസ്കറിൽ കാണപ്പെടുന്ന പ്രത്യേക ഇനം ചിലന്തിയെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 20 വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കും ശ്രമകരമായ ദൗത്യത്തിനുമൊടുവിൽ സൈമണ്‍ പിയേഴ്സ് തയാറാക്കിയ വസ്ത്രങ്ങളാണ് ഇപ്പോൾ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സിൽ പ്രദർശനത്തിനെത്തിച്ചത്. 2004ൽ ആരംഭിച്ചതായിരുന്നു ഇരുവരുടെയും ഈ വേറിട്ട ശൈലിയിലെ കുപ്പായ നിർമാണം. കാര്യം അത്ര എളുപ്പമായിരുന്നില്ല. 12 ലക്ഷം ചിലന്തികളെ ശേഖരിച്ചു വളര്‍ത്തി അവയുടെ വലനാര് വേര്‍തിരിച്ചാണ് കുപ്പായ നിർമാണത്തിനാവശ്യമായ സ്വർണ നിറത്തിലെ നൂല് കണ്ടെത്തിയത്. ഇവർ നിർമിച്ച രണ്ടാമത്തെ കുപ്പായമാണ് ഖത്തറിൽ പ്രദർശനത്തിനെത്തിച്ചത്. 12 ലക്ഷം ചിലന്തികൾ രണ്ടു വർഷം കൊണ്ടാണ് ഇതിനാവശ്യമായ നൂലുകൾ നിർമിച്ചത്. അതിന് ആറായിരത്തോളം മണിക്കൂറിന്റെ അധ്വാനവുമുണ്ട്.
ജൂലൈ ആറുവരെ പ്രദർശനം തുടരും. ഗോൾഡൻ സ്പൈഡർ സിൽക്ക് പ്രദർശനത്തിൽ ഇതാദ്യമായി ചരിത്രവിശേഷങ്ങൾ ഉൾക്കൊള്ളുന്ന കൈയെഴുത്ത് പ്രതികളും നിർമാണം രേഖപ്പെടുത്തുന്ന വിവരങ്ങളും ഷാൾ ഉൾപ്പെടെ നാല് തുണിത്തരങ്ങളുമുണ്ട്. ആകർഷകമായ എംബ്രോയ്ഡറി നിർമാണങ്ങളോടെയുള്ള കൈയില്ലാത്ത കുപ്പായം, ബ്രോക്കേഡ് വീവ് ലാംബ (ലാംബ അകോട്ടിഫഹാന), ഷീർ ടഫെറ്റ, ഒരു സാറ്റിൻ വീവ് ഷാൾ എന്നിവയാണ് പ്രദർശനത്തിനുള്ളത്. ഗോൾഡൻ സിൽക്കിന്റെ ചരിത്രം വിശദീകരിക്കുന്ന സൈമൺ പിയേഴ്സിന്റെ 15 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുമുണ്ട്.
മിഡിലീസ്റ്റിൽ ആദ്യം
അമേരിക്ക, യൂറോപ്പ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ‘ഗോൾഡൻ സ്പൈഡർ സിൽക്’ ആദ്യമായാണ് മധ്യപൂർവേഷ്യയിൽ പ്രദർശനത്തിനെത്തുന്നത്. ബ്രിട്ടീഷ് മ്യൂസിയം ലണ്ടൻ, ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയം, ഷികാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്കിലെ അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയം, ഒഹായോവിലെ ക്ലീവ്ലാൻഡ് ആർട്ട് മ്യൂസിയം, ലോസ് ആഞ്ജലസിലെ ഫൗളർ മ്യൂസിയം, ഷികാഗോ ദി ഫീൽഡ് മ്യൂസിയം, ജപ്പാനിലെ ഒസാക്കയിലെ എത്നോഗ്രഫി മ്യൂസിയം തുടങ്ങിയ ഇടങ്ങളിലാണ് നേരത്തെ പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.