മാലാഖമാരുടെ സുവർണ വിരൽസ്പർശം
text_fieldsവരകളും, പലനിറങ്ങളും ചേർത്ത് അവരുടെ ഭാവനയിലെ ചിത്രങ്ങൾ പേപ്പറിൽ വരച്ചിട്ടു. ചിലർ പേപ്പറുകൾ കൊണ്ട് ആകർഷകമായ രൂപങ്ങൾ തയാറാക്കി കാഴ്ചക്കാരെ അമ്പരപ്പിച്ചു. ചെടികളും മരങ്ങളും പഴങ്ങളും മൃഗങ്ങളും മുതൽ സ്വർണവും കറുപ്പും നിറത്തിൽ പട്ടണിഞ്ഞ പുണ്യ കഅ്ബയും, നിറമുള്ള കടലാസുകളിൽ വെട്ടിത്തീർത്ത കലാപ്രകടനങ്ങളുമെല്ലാം നിറഞ്ഞ പ്രദർശനം.
കതാറ സാംസ്കാരിക വില്ലേജിൽ കഴിഞ്ഞയാഴ്ച നടന്ന ‘ഗോൾഡൻ ഫിംഗേഴ്സ്’ എക്സിബിഷനായിരുന്നു ഈ മനോഹര കലാവിരുന്നിന്റെ വേദി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ഖത്തർ സൊസൈറ്റി ഫോർ ദി റിഹാബിലിറ്റേഷൻ ഫോർ സ്പെഷൽ നീഡ്സിനു കീഴിലായിരുന്നു കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ ഈ സവിശേഷമായ പ്രദർശനം അരങ്ങേറിയത്.
സൊസൈറ്റിയുടെ റിഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സിനു കീഴിൽ രജിസ്റ്റർചെയ്ത കൊച്ചു കലാകാരന്മാർ തങ്ങളുടെ വൈകല്യത്തെയെല്ലാം തോൽപിച്ച് മനോഹര ചിത്രങ്ങളുമായി കാഴ്ചക്കാരെയും അതിശയിപ്പിച്ചു. സൊസൈറ്റിയോട് അനുബന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പരിശീലനം ലഭിച്ച ശേഷമായിരുന്നു കതാറയിലെ ഗോൾഡൻ ഫിംഗേഴ്സിൽ ഇവരുടെ സുവർണ വിരൽസ്പർശം പതിഞ്ഞത്. ഓട്ടിസം മുതൽ വിവിധ ശാരീരിക ബലഹീനതകളുള്ള കുരുന്നുകളുടെ വ്യക്തിത്വ വികാസവും കലാമികവും വളർത്താനും സമൂഹത്തിലേക്ക് നയിക്കാനും ലക്ഷ്യമിട്ട് രണ്ടാം തവണയാണ് കതാറയിൽ ഈ പരിപാടി നടക്കുന്നത്. വിദ്യാർഥികളും, അവരുടെ ബന്ധുക്കളും , കലാകാരന്മാരും ഉൾപ്പെടെ വലിയൊരു സമൂഹം ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.