ഭാഗ്യമാവാൻ സബൂഖും കുടുംബവും
text_fieldsഭാഗ്യചിഹ്നത്തിന്റെ പ്രകാശനച്ചടങ്ങ്
ദോഹ: 12 വർഷം മുമ്പ് ഖത്തറിനും ഏഷ്യക്കും കളിയാവേശം പകർന്ന ‘സബൂഖും’ കുടുംബവും വളർന്നുവലുതായി. കുസൃതി മാറി, പക്വതയും പുതുമയും ഉൾക്കൊണ്ട് അവർ അഞ്ചുപേർ തന്നെ 2023 ഏഷ്യൻ കപ്പിന്റെയും ഭാഗ്യചിഹ്നങ്ങളായെത്തുന്നു. ഖത്തർ വേദിയായ 2011 ഏഷ്യൻ കപ്പിൽ ഭാഗ്യചിഹ്നങ്ങളായിരുന്ന സബൂഖ്, തംബ്കി, ഫ്രിഹ, സക്രിതി, ത്രനേഹ് എന്നിവരാവും ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന വൻകര മേളയുടെ ഭാഗ്യമായി കളത്തിലും പുറത്തും ആവേശം പടർത്തുക. വെള്ളിയാഴ്ച രാത്രി ബർഹാത് മിഷൈരിബിൽ നടന്ന ചടങ്ങിലായിരുന്നു ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളക്കുശേഷം, കളിചിരികളും കുസൃതിയുമായി ‘സബൂഖും’ കുടുംബവുമെത്തിയത്. ഞങ്ങൾ വീണ്ടും ഏഷ്യൻ കപ്പിന്റെ ഭാഗ്യമായി നിങ്ങളിലെത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചുപേരുടെ സംഘത്തെ അവതരിപ്പിച്ചത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഖത്തറിലെ ഒമ്പതു വേദികളിലായി ഏഷ്യൻ കപ്പ് കളിയുത്സവം അരങ്ങുതകർക്കുന്നത്. ഖത്തറിന്റെ പരമ്പരാഗത കലാപരിപാടികളാൽ സമ്പന്നമായ വേദിയിലായിരുന്നു കാണികൾക്ക് ആവേശം നൽകി അഞ്ചു പേരും അവതരിച്ചത്. ‘ഞാൻ സബൂഖ്, നിങ്ങളുടെ പഴയ കൂട്ടുകാരൻ. സക്രിതി എന്റെ ഡാഡി, മമ്മി ത്രനേഹ്, സഹോദരി ഫ്രിഹയും കൊച്ചു സഹോദരൻ തംബ്കിയും. ഇത്തവണ ഞങ്ങൾ ഏഷ്യൻ കപ്പിന്റെ ഭാഗ്യമായി നിങ്ങളിലെത്തുന്നു’ എന്ന ‘എക്സ്’ പോസ്റ്റുമായി ഭാഗ്യകുടുംബത്തെ സമൂഹ മാധ്യമങ്ങളിലും പരിചയപ്പെടുത്തി.
ഏറ്റവും അവസാനമായി ഖത്തർ വേദിയായ ഏഷ്യൻ കപ്പിൽ കളത്തിലിറങ്ങിയും ഗാലറിയിൽ കാണികൾക്കൊപ്പമിരുന്നും സ്റ്റേഡിയത്തിനു പുറത്തും ആഘോഷവേദികളിലുമായി ആരാധകരുടെ കൂട്ടുകാരായി മാറിയ കുടുംബത്തെ ഏഷ്യൻ കപ്പിലേക്ക് വീണ്ടും വരവേൽക്കുകയാണ് സംഘാടകർ. 2023 ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നങ്ങളായി സബൂഖും കുടുംബവും എത്തുന്നതിലൂടെ ഖത്തറിലെയും ഏഷ്യയിലെയും ആരാധകരിലേക്ക് വീണ്ടും 2011 ഫുട്ബാൾ ഓർമകൾ തിരികെയെത്തുകയാണെന്ന് ടൂർണമെന്റ് പ്രാദേശിക കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ അൽ കുവാരി പറഞ്ഞു.
ഖത്തറിന്റെ പ്രകൃതിയും വിവിധ പ്രദേശങ്ങളും പ്രതിനിധാനം ചെയ്യുന്നതാണ് ഭാഗ്യചിഹ്നത്തിലെ അഞ്ചുപേരും. ഏഷ്യൻ കപ്പിലൂടെ രാജ്യത്തിന്റെ ഫുട്ബാൾ പൈതൃകം വീണ്ടും ലോകത്തിനു മുമ്പാകെ പ്രദർശിപ്പിക്കുകയാണ് ഖത്തർ -അദ്ദേഹം പറന്നു. മിഷൈരിബിൽ നടന്ന ചടങ്ങിൽ സബൂഖ് കുടുംബത്തിന് രൂപം നൽകിയ ഖത്തരി ആർട്ടിസ്റ്റ് അഹമ്മദ് അൽ മആദീദ് ഓരോരുത്തരെയും പേരുവിളിച്ച് സ്വാഗതം ചെയ്തുകൊണ്ട് പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.