ചൂടിനെ തണുപ്പിക്കാൻ ഗോർഡിന്റെ ‘സിനർജിയ’
text_fieldsദോഹ: ഹൈബ്രിഡ് ശീതീകരണ സംവിധാനമായ സിനെർജിയ 9എൻ1ന്റെ വാണിജ്യ മാതൃക പ്രാദേശികമായി വികസിപ്പിച്ചെടുത്ത് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് (ജി.ഒ.ആർ.ഡി).
വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവും, പരിസ്ഥിതി സൗഹൃദമായ പ്രവർത്തനവുമായി പുതു തലമുറയിലെ ഔട്ട്ഡോർ ശീതീകരണ സംവിധാനമായാണ് സിനെർജിയ നയൻ രൂപകൽപന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഡിഎക്സ് കണ്ടൻസിങ് യൂനിറ്റുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം ഊർജ കാര്യക്ഷമത ഉറപ്പുനൽകുന്നതാണിത്.
ഒരേ സമയം ചൂട് വർധിക്കുകയും ഊർജ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കുറഞ്ഞ വൈദ്യുതിയിൽ പരിസ്ഥിതിക്ക് ആഘാതമില്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വലിയ ശീതീകരണ യൂനിറ്റായാണ് സിനർജിയ വികസിപ്പിക്കുന്നത്.
ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിലെ ഗോർഡിന്റെ ടെക്നോഹബ്ബ് ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗവേഷകർ, സർക്കാർ ഉദ്യോഗസ്ഥർ, എൻജിനീയർ, സുസ്ഥിര മേഖലയിലെ വിദഗ്ധർ, മാധ്യമ പ്രതിനിധികൾ എന്നിവരുൾപ്പെടെ പങ്കെടുത്ത ചടങ്ങിയണ് ശീതീകരണത്തിലെ പുതുപുത്തൻ സംവിധാനം പുറത്തിറക്കിയത്.
ഗോർഡ് സ്ഥാപക ചെയർമാൻ ഡോ. യൂസുഫ് അൽഹോറും സംഘവും ഖത്തർ നാഷനൽ റിസർച് ഫണ്ട് ധനസഹായത്താലാണ് സിനെർജിയ നയൻ വികസിപ്പിച്ചത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായി മാതൃകകളെ പിന്തുണക്കുന്നതിനുള്ള സ്ഥാപനമാണ് ‘ഗോർഡ്’. യു.എസ്.എയിലെ അസോസിയേഷൻ ഓഫ് എനർജി എൻജിനീയേഴ്സ് ഉൾപ്പെടെ അംഗീകാരങ്ങളും അന്താരാഷ്ട്ര അവാർഡുകളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
പല ഭൂമിശാസ്ത്ര മേഖലകളിലും നേരിടുന്ന കഠിനമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥക്ക് അനുയോജ്യമായ പരിഹാരങ്ങളിലൂടെ ചെറുക്കാൻ സിനർജിയക്ക് കഴിയുമെന്ന് ഡോ. യൂസഫ് അൽഹോർ പറഞ്ഞു.
നൂറുശതമാനവും പ്രാദേശികമായി നിർമിച്ച സിനർജിയയുടെ വാണിജ്യ മാതൃക പൂർത്തിയായതോടെ, നൂതന ശീതീകരണ പരിഹാരം പ്രയോജനപ്പെടുത്താൻ താൽപര്യമുള്ള സ്ഥാപനങ്ങളുമായി പങ്കാളിത്ത പ്രവർത്തനത്തിനുള്ള തയാറെടുപ്പിലാണ് ഗോർഡ്.
കായിക, വിനോദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള തുറന്ന സ്ഥലങ്ങൾ, ശുദ്ധവായു വെന്റിലേഷൻ ആവശ്യമുള്ള കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള കെട്ടിടങ്ങൾ, ആശുപത്രികൾ, സർജറി സ്യൂട്ടുകൾ, ലബോറട്ടറികൾ തുടങ്ങിയവയിലേക്കെല്ലാം സിനർജി 9എൻ1 വലിയ തോതിൽ പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.