പ്രാദേശിക ഭക്ഷ്യ ഉൽപാദനം കൂട്ടാൻ സർക്കാർ
text_fieldsദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഊർജിത ശ്രമങ്ങളുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യ ഉൽപാദനം മെച്ചപ്പെടുത്താൻ കാർഷികമേഖലക്ക് പിന്തുണ ശക്തമാക്കി സർക്കാർ. പ്രതിവർഷം 70 ദശലക്ഷം റിയാലാണ് കാർഷികമേഖലക്കായി ഗവൺമെൻറ് വകയിരുത്തുന്നത്.
കാർഷികമേഖലയുടെ വളർച്ചക്കും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി ഗവൺമെൻറിന്‍റെ നേരിട്ടുള്ള പിന്തുണ മുനിസിപ്പാലിറ്റി മന്ത്രാലയം വഴിയുണ്ടെന്നും പ്രാദേശിക ഉൽപാദനം മെച്ചപ്പെടുത്തുന്നതിന് ഖത്തർ ഡെവലപ്മെൻറ് ബാങ്കിന്‍റെ അകമഴിഞ്ഞ പിന്തുണയും കാർഷികമേഖലക്കുണ്ടെന്നും ഭക്ഷ്യസുരക്ഷ വിഭാഗം മേധാവി ഡോ. മസൂദ് ജാറല്ലാ അൽ മർരി പറഞ്ഞു.
ഭക്ഷ്യസുരക്ഷ മേഖലയിൽ ഖത്തർ നേരിടുന്ന വെല്ലുവിളികൾ 2018–2023 കാലയളവിലേക്കുള്ള ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ മർരി കൂട്ടിച്ചേർത്തു.
ഈ വെല്ലുവിളികളെ ആധാരമാക്കി പ്രാദേശിക ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കുക, തന്ത്രപ്രധാന സംഭരണകേന്ദ്രങ്ങൾ, മാർക്കറ്റിങ് മെക്കാനിസം വികസിപ്പിക്കുക, ഇറക്കുമതി സ്രോതസ്സുകൾ കൂടുതൽ വൈവിധ്യമാക്കുകയെന്ന ലക്ഷ്യങ്ങൾ മുൻനിർത്തി നയങ്ങളും തന്ത്രപ്രധാന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റെഡ് മീറ്റ് ഉൽപാദനത്തിൽ ഖത്തർ 21 ശതമാനത്തോളം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. 2023ഓടെ ഇത് 30 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. വരും വർഷങ്ങളിലെ ലക്ഷ്യം മുന്നിൽ കണ്ട് കാലിസമ്പത്ത് വർധിപ്പിക്കുന്നതിനായി 10 പദ്ധതികളുടെ ടെൻഡറുകൾ സ്വകാര്യ മേഖലക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം നൽകിയിരുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.